ഹാരി പോട്ടറും ഐപോഡും തമ്മില്‍ മത്സരിച്ചാല്‍ ആര്‍ക്കാകും ജയം. അസംബന്ധം എന്നാകും ഈ ചോദ്യത്തെ പലരും വിലയിരുത്തുക. ജെ.കെ.റൗളിങ് സൃഷ്ടിച്ച മാന്ത്രികജീനിയസ്സ് ഹാരിപോട്ടര്‍ എവിടെ, ആപ്പിളിന്റെ വെറുമൊരു മ്യൂസിക് പ്ലെയറായ ഐപോഡ് എവിടെ.....2004 ല്‍ ബ്രിട്ടനില്‍ നടന്ന ഒരു തിരഞ്ഞെടുപ്പില്‍ പക്ഷേ, ഐപോഡ് ജയിച്ചു. റൗളിങ് ഉള്‍പ്പടെയുള്ളവരെ പിന്തള്ളി, ഇന്‍ഡസ്ട്രിയല്‍ ഡിസൈനറായ ജോനാതന്‍ ഐവ് ബ്രിട്ടീഷ് സാംസ്‌കാരിക ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴായിരുന്നു അത്. ആപ്പിള്‍ കമ്പനിയില്‍ ഐപോഡ് ഡിസൈന്‍ ചെയ്തത് ബ്രിട്ടീഷ് വംശജനായ ജോനാതന്‍ ഐവ് ആയിരുന്നു. 'ബ്രിട്ടീഷ് സംസ്‌കാരത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തി'യായി തിരഞ്ഞെടുക്കപ്പെടാന്‍ ഐപോഡ് അദ്ദേഹത്തിന് തുണയായി. അസംഭാവ്യം എന്ന് കരുതാവുന്ന ഒന്ന്. വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് ഹാരി പോട്ടറെക്കാളും മാന്ത്രികതയുള്ള ഒന്നായി ഐപോഡ് അനുഭവപ്പെട്ടു എന്നുവേണം അനുമാനിക്കാന്‍. യഥാര്‍ഥത്തില്‍, ബ്രിട്ടീഷുകാര്‍ക്ക് മാത്രമല്ല ഐപോഡിന്റെ മാന്ത്രികത അനുഭവേദ്യമായത്. ലോകത്തെവിടെയും സംഗീതത്തെ പ്രണയിക്കുന്നവര്‍ക്ക് ഐപോഡ് വിലമതിക്കാനാവാത്ത ചങ്ങാതിയായി. അതുവഴി വ്യക്തിഗത വിനോദത്തിന്റെയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സിന്റെയും ശിരോലിഖിതം ഐപോഡ് മാറ്റിയെഴുതി. അക്ഷരാര്‍ഥത്തില്‍ പുതിയൊരു കമ്പ്യൂട്ടിങ് വിപ്ലവത്തിനാണ് ആപ്പിളിന്റെ ആ ഡിജിറ്റല്‍ മ്യൂസിക് പ്ലെയര്‍ തുടക്കമിട്ടത്. പുതിയൊരു യുഗപ്പിറവിയായിരുന്നു അത്. പത്ത് വര്‍ഷം മുമ്പ്, 2001 ഒക്ടോബര്‍ 23 നാണ് ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് ലോകത്തിന് മുന്നില്‍ ഐപോഡ് ആദ്യമായി അവതരിപ്പിച്ചത്. സ്റ്റീവ് അന്തരിച്ച് രണ്ടര ആഴ്ച പിന്നിടുമ്പോഴാണ് ഐപോഡിന് പത്തുവയസ് തികയുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്.
മകിന്റോഷിന് ശേഷം ആപ്പിളിനെ വീണ്ടും ആപ്പിളാക്കിയത് ഐപോഡാണ്, സ്റ്റീവ് ജോബ്‌സിനെ വീണ്ടും നായകനാക്കിയതും ഐപോഡ് തന്നെ. പോക്കറ്റിലിട്ട് നടക്കാവുന്ന ആ 'പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയര്‍' പത്തുവര്‍ഷം മുമ്പ് അവതരിപ്പിക്കുമ്പോള്‍, ലോകംകണ്ട ഏറ്റവും വലിയ വിജയഗാഥകളിലൊന്നാണ് താന്‍ രചിക്കുന്നതെന്ന് സ്റ്റീവ് പോലും തിരിച്ചറിഞ്ഞിരുഞ്ഞോ എന്ന് സംശയം. അതാണ് സംഭവിച്ചത്. ഐപോഡിന്റെ വിജയം ആപ്പിളിനെയും സ്റ്റീവിനെയും ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചു. 'ആയിരം പാട്ടുകള്‍ പോക്കറ്റില്‍' എന്ന അവകാശവാദമേ ഐപോഡ് അവതരിപ്പിക്കുന്ന വേളയില്‍ സ്റ്റീവ് ഉന്നയിച്ചുള്ളൂ. തന്റെ അവതരണങ്ങളില്‍ അതിശയോക്തി നിറഞ്ഞ പ്രസ്താവനകള്‍ക്ക് ഇടംനല്‍കാന്‍ മടിക്കാറില്ലാത്ത സ്റ്റീവ്, 'സംഗീതാസ്വാദനം ഇനിയൊരിക്കലും പഴയതുപോലെ ആകില്ലെ'ന്ന് ഐപോഡിനെപ്പറ്റി പറയുമ്പോള്‍, അദ്ദേഹം പോലും പ്രതീക്ഷിച്ചിരിക്കില്ല ആ പ്രസ്താവന എത്രവലിയ സത്യമാകാന്‍ പോകുന്നുവെന്ന്. കാര്യങ്ങള്‍ പക്ഷേ, സംഗീതാസ്വാദനത്തില്‍ അവസാനിച്ചില്ല. പുതിയൊരു പേഴ്‌സണല്‍ കമ്പ്യൂട്ടിങ് വിപ്ലവത്തിന് നാന്ദി കുറിച്ചതിനൊപ്പം, മ്യൂസിക് വ്യവസായത്തിന്റെ ഭാവിസാധ്യതകളെ ഐപോഡ് കണ്ടത്തുകയും ചെയ്തു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, ആപ്പിള്‍ അവതരിപ്പിച്ച ആ ഉപകരണത്തിന് ഐതിഹാസികം എന്ന വിശേഷണമല്ലാതെ മറ്റൊന്നും ചേരുന്നില്ല. ഐപോഡ് തുറന്ന മാര്‍ഗത്തിലൂടെ പിന്നീട് ഐഫോണ്‍ എത്തി, ഒടുവില്‍ ഐപാഡും. പക്ഷേ, അപ്പോള്‍ മറ്റൊന്ന് സംഭവിച്ചു. ഐഫോണിലും ഐപാഡിലും ഐപോഡ് ടച്ചിലും വെറുമൊരു ആപ്ലിക്കേഷനായി ഐപോഡ് ഒതുങ്ങാനാരംഭിച്ചു. ഇനി എത്രകാലം കൂടി ഐപോഡ് അതിന്റെ ശരിയായ രൂപത്തില്‍ അവശേഷിക്കുമെന്ന ചോദ്യമാണ് ഈ പത്താംവാര്‍ഷികം ഉയര്‍ത്തുന്നത്.
ഐട്യൂണ്‍സില്‍ നിന്ന് ഐപോഡിലേക്ക്
ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, വീഡിയോ, ഡിജിറ്റല്‍ സംഗീതം എന്നിങ്ങനെ പാശ്ചാത്യലോകത്ത് ഡിജിറ്റല്‍ മീഡിയ നിത്യജീവിതത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയ തൊണ്ണൂറുകളുടെ അവസാനം, സംഭവിക്കേണ്ടിയിരുന്ന ഒരു അനിവാര്യതയായിരുന്നു ഐപോഡ്. അത് വാര്‍ത്തെടുത്തത് ആപ്പിളും മുഖ്യമൂശാരി സ്റ്റീവ് ജോബ്‌സും ആയി എന്നുമാത്രം. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും മനുഷ്യജീവിതത്തില്‍ അഭിഭാജ്യഘടകമായി മാറുന്നത് നിരീക്ഷിച്ച സ്റ്റീവ്, പുതിയ കാലത്തിന് ചേര്‍ന്ന ഒരു ഇന്നവേഷന്‍ തന്ത്രത്തിന് രൂപംനല്‍കി. മാക് കമ്പ്യൂട്ടറിനെ കേന്ദ്രബിന്ദുവായി സങ്കല്‍പ്പിച്ച് ആവിഷ്‌ക്കരിച്ച 'ഡിജിറ്റല്‍ ഹബ്' (Digital Hub) ആയിരുന്നു ആ തന്ത്രം. ഡിജിറ്റല്‍ ക്യാമറയും കാംകോഡറുകളും ഡിജിറ്റല്‍ മ്യൂസിക് പ്ലെയറുകളുമെല്ലാം ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒന്നായി മാക് സിസ്റ്റത്തെ സജ്ജമാക്കുക എന്നതായിരുന്നു ആ തന്ത്രത്തിന്റെ കാതല്‍. തൊണ്ണൂറുകളുടെ അവസാനം ഡിജിറ്റല്‍ ഹബ് എന്ന സങ്കല്‍പ്പവുമായി മുന്നേറാന്‍ ശ്രമിച്ച സ്റ്റീവിനും ആപ്പിളിനും മുന്നില്‍ ഒരു പ്രശ്‌നം അവതരിച്ചു. ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഫോട്ടോയെക്കാളും വീഡിയോയെക്കാളും ഭ്രമം സംഗീതത്തോടാണ്. സ്റ്റീരിയോ സെറ്റുകളില്‍ നിന്ന് കമ്പ്യൂട്ടറുകളിലേക്ക് സംഗീതം കുടിയേറാന്‍ തുടങ്ങിയ കാലമാണത്. അതേസമയം ആപ്പിളിന്റെ മാക് സിസ്റ്റത്തിലാണെങ്കിലോ പാട്ടുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു ജൂക്ക്‌ബോക്‌സ് സോഫ്ട്‌വേര്‍ പോലുമില്ല. അതു പരിഹരിക്കാന്‍ 'സൗണ്ട്ജാം' (SoundJam) എന്ന മ്യൂസിക് പ്ലെയര്‍ ആപ്പിള്‍ വിലയ്ക്കുവാങ്ങി, ജെഫ് റോബിന്‍ എന്ന പ്രോഗ്രാമറുടെ സഹായത്തോടെ 'ഐട്യൂണ്‍സ്' ആക്കി മാറ്റി. സ്റ്റീവിന്റെ മാര്‍ഗനിര്‍ദേശത്തിന്‍ കീഴില്‍ മാസങ്ങളോളം ചെലവിട്ടാണ് റോബിന്‍ ഐട്യൂണ്‍സിന് അന്തിമരൂപം നല്‍കിയത്. സൗണ്ട്ജാമിലെ സങ്കീര്‍ണതകളെല്ലാം നീക്കി ലളിതവത്ക്കരിക്കുക എന്നതാണ് ഐട്യൂണ്‍സിന്റെ കാര്യത്തില്‍ സംഭവിച്ചത്. 2001 ജനവരിയില്‍ 'മാക്‌വേള്‍ഡ് എക്‌സ്‌പോ'യില്‍ ഐട്യൂണ്‍സ് അവതരിപ്പിക്കപ്പെട്ടു. അങ്ങനെ ആപ്പിളും സംഗീതവുമായുള്ള ബന്ധം ആരംഭിച്ചു.
ഐട്യൂണ്‍സ് ചിട്ടപ്പെടുത്തുന്ന വേളയില്‍ സ്റ്റീവും കൂട്ടരും പുതിയ ഗാഡ്ജറ്റുകള്‍ക്കുള്ള സാധ്യത ആരായാന്‍ തുടങ്ങി. അപ്പോഴാണ് അവര്‍ക്കൊരു കാര്യം ബോധ്യമായത്-കാംകോഡറുകളും ഡിജിറ്റല്‍ ക്യാമറകളുമെല്ലാം ഒരുവിധം വൃത്തിയിലും ഭംഗിയായിലുമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, മ്യൂസിക് പ്ലെയറുകളുടെ കാര്യം അങ്ങനെയല്ല! 'ഒന്നുകില്‍ കളരിക്ക് പുറത്ത്, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്' എന്ന മാതിരിയായിരുന്നു മ്യൂസിക് പ്ലെയറുകളുടെ അവസ്ഥ. ഒന്നുകില്‍ വലിയ വലിപ്പവും ഭാരവും, അല്ലെങ്കില്‍ തീരെ ചെറുതും ഉപയോഗശൂന്യവും. മിക്ക പ്ലെയറുകളുടെയും ശേഷി 32 അല്ലെങ്കില്‍ 64 എംബി ആയിരുന്നു. പോര്‍ട്ടബിള്‍ സിഡി പ്ലെയറുകളില്‍ കൊള്ളുന്നതില്‍ കൂടുതല്‍ പാട്ടുകള്‍ അവയില്‍ ശേഖരിക്കാന്‍ കഴിയുമായിരുന്നില്ല. അക്കാലത്തെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന എംപി 3 പ്ലെയര്‍ സിങ്കപ്പൂര്‍ കേന്ദ്രമായുള്ള 'ക്രിയേറ്റീവ്' കമ്പനിയുടെ 'നൊമാഡ് ജൂക്ക്‌ബോക്‌സ്' (Nomad Jukebox) ആയിരുന്നു. 'ഫ്യുജിറ്റ്‌സ്യു' കമ്പനിയുടെ 2.5 ഇഞ്ച് ഹാര്‍ഡ് ഡ്രൈവാണ് അതില്‍ ഉപയോഗിച്ചിരുന്നത്. ഏതാണ്ടൊരു പോര്‍ട്ടബിള്‍ സിഡി പ്ലെയറിന്റെ വലിപ്പവും ഇരട്ടി ഭാരവും ഉള്ളതായിരുന്നു ആ ഉപകരണം. ആയിരക്കണക്കിന് പാട്ടുകള്‍ അതില്‍ ശേഖരിക്കാം എന്നതായിരുന്നു വാഗ്ദാനം. എന്നാല്‍, കമ്പ്യൂട്ടറില്‍ നിന്ന് പാട്ടുകള്‍ പ്ലെയറിലേക്ക് പകര്‍ത്താന്‍ യുഎസ്ബി 1 പോര്‍ട്ട് ആണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ പാട്ടുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് പകര്‍ത്തുകയെന്നത് ഏറെ ശ്രമകരമായ സംഗതിയായിരുന്നു. ശരിക്കും സമയംകൊല്ലുന്ന ഏര്‍പ്പാട്. മാത്രമല്ല, ബാറ്ററി മിക്കവാറും 45 മിനിറ്റ് കൊണ്ട് കഴിയും. എത്ര പാട്ട് ശേഖരിച്ചിട്ടെന്താ, മുക്കാല്‍ മണിക്കൂറേ ബാറ്ററി ലൈഫ് ഉള്ളൂവെങ്കില്‍!
നിരാശാജനകമെന്ന് നിസംശയം പറയാവുന്ന ഈ രംഗത്തേക്കാണ് ആപ്പിളിന്റെ കടന്നുവരവ്. എംപി 3 മ്യൂസിക് പ്ലെയര്‍ എന്ന ആശയം ആരുടെ പക്കല്‍ നിന്നാണ് വന്നതെന്നറിയില്ല, പക്ഷേ ആ ആശയത്തിലേക്ക് സ്റ്റീവ് ജോബ്‌സ് എടുത്തുചാടുകയായിരുന്നുവെന്ന്, എഴുത്തുകാരനായ ലിയാന്‍ഡര്‍ കാഹ്നി പറയുന്നു. ഇത്തരമൊരു ഉപകരണത്തിന്റെ സാധ്യതയാരായാന്‍ ആപ്പിളിലെ പരിചയസമ്പന്നനായ ഹാര്‍ഡ്‌വേര്‍ എന്‍ജിനിയര്‍ ജോണ്‍ റോബിന്‍സ്റ്റീനെ ആണ് സ്റ്റീവ് ചുമതലപ്പെടുത്തിയത് (സ്റ്റീവിന്റെ പഴയ കമ്പനിയായ 'നെക്സ്റ്റി'ല്‍ നിന്ന് ആപ്പിളിലെത്തിയതായിരുന്നു ജോണ്‍ റോബിന്‍സ്റ്റീന്‍. 2004 ല്‍ ഐപോഡ് ഡിവിഷന്‍ പ്രത്യേകമുണ്ടാക്കിയപ്പോള്‍ റോബിന്‍സ്റ്റീനെയാണ് അതിന്റെ നേതൃത്വം സ്റ്റീവ് ഏല്‍പ്പിച്ചത്). 2001 ഫിബ്രവരിയില്‍ ടോക്യോയില്‍ വാര്‍ഷിക 'മാക്‌വേള്‍ഡ് എക്‌സ്‌പോ' നടക്കുമ്പോള്‍ റോബിന്‍സ്റ്റീന്‍ തോഷിബയില്‍ ഒരു സന്ദര്‍ശനം നടത്തി. അക്കാലത്ത് ആപ്പിളിന് ഹാര്‍ഡ് ഡ്രൈവുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നത് തോഷിബ കമ്പനിയാണ്. എന്താണ് ഉപയോഗമെന്ന് തിരിച്ചറിയാത്ത ഒരു ചെറു ഹാര്‍ഡ് ഡ്രൈവ് തോഷിബ വികസിപ്പിച്ചിരിക്കുന്നത് റോബിന്‍സ്റ്റീന്‍ കണ്ടു. 1.8 ഇഞ്ച് വ്യാസമുള്ള ഒന്നായിരുന്നു അത് (ഫ്യുജിറ്റ്‌സ്യുവിന്റെ 2.5 ഇഞ്ച് ഡ്രൈവിനെക്കാള്‍ വലിപ്പം കുറഞ്ഞ ഡ്രൈവ്). റോബിന്‍സ്റ്റീന് പക്ഷേ, വേഗം മനസിലായി; ആ ചെറുഡ്രൈവിനെ എന്തിനുപയോഗിക്കണമെന്ന്. മ്യൂസിക് പ്ലെയര്‍ എങ്ങനെ രൂപപ്പെടുത്തണമെന്ന് തനിക്ക് പിടികിട്ടിയതായി, ആ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവന്ന റോബിന്‍സ്റ്റീന്‍ സ്റ്റീവിനെ അറിയിച്ചു. മുന്നോട്ട് പോകാന്‍ സ്റ്റീവ് പച്ചക്കൊടി കാട്ടി.
നിരാശാജനകമെന്ന് നിസംശയം പറയാവുന്ന ഈ രംഗത്തേക്കാണ് ആപ്പിളിന്റെ കടന്നുവരവ്. എംപി 3 മ്യൂസിക് പ്ലെയര്‍ എന്ന ആശയം ആരുടെ പക്കല്‍ നിന്നാണ് വന്നതെന്നറിയില്ല, പക്ഷേ ആ ആശയത്തിലേക്ക് സ്റ്റീവ് ജോബ്‌സ് എടുത്തുചാടുകയായിരുന്നുവെന്ന്, എഴുത്തുകാരനായ ലിയാന്‍ഡര്‍ കാഹ്നി പറയുന്നു. ഇത്തരമൊരു ഉപകരണത്തിന്റെ സാധ്യതയാരായാന്‍ ആപ്പിളിലെ പരിചയസമ്പന്നനായ ഹാര്‍ഡ്‌വേര്‍ എന്‍ജിനിയര്‍ ജോണ്‍ റോബിന്‍സ്റ്റീനെ ആണ് സ്റ്റീവ് ചുമതലപ്പെടുത്തിയത് (സ്റ്റീവിന്റെ പഴയ കമ്പനിയായ 'നെക്സ്റ്റി'ല്‍ നിന്ന് ആപ്പിളിലെത്തിയതായിരുന്നു ജോണ്‍ റോബിന്‍സ്റ്റീന്‍. 2004 ല്‍ ഐപോഡ് ഡിവിഷന്‍ പ്രത്യേകമുണ്ടാക്കിയപ്പോള്‍ റോബിന്‍സ്റ്റീനെയാണ് അതിന്റെ നേതൃത്വം സ്റ്റീവ് ഏല്‍പ്പിച്ചത്). 2001 ഫിബ്രവരിയില്‍ ടോക്യോയില്‍ വാര്‍ഷിക 'മാക്‌വേള്‍ഡ് എക്‌സ്‌പോ' നടക്കുമ്പോള്‍ റോബിന്‍സ്റ്റീന്‍ തോഷിബയില്‍ ഒരു സന്ദര്‍ശനം നടത്തി. അക്കാലത്ത് ആപ്പിളിന് ഹാര്‍ഡ് ഡ്രൈവുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നത് തോഷിബ കമ്പനിയാണ്. എന്താണ് ഉപയോഗമെന്ന് തിരിച്ചറിയാത്ത ഒരു ചെറു ഹാര്‍ഡ് ഡ്രൈവ് തോഷിബ വികസിപ്പിച്ചിരിക്കുന്നത് റോബിന്‍സ്റ്റീന്‍ കണ്ടു. 1.8 ഇഞ്ച് വ്യാസമുള്ള ഒന്നായിരുന്നു അത് (ഫ്യുജിറ്റ്‌സ്യുവിന്റെ 2.5 ഇഞ്ച് ഡ്രൈവിനെക്കാള്‍ വലിപ്പം കുറഞ്ഞ ഡ്രൈവ്). റോബിന്‍സ്റ്റീന് പക്ഷേ, വേഗം മനസിലായി; ആ ചെറുഡ്രൈവിനെ എന്തിനുപയോഗിക്കണമെന്ന്. മ്യൂസിക് പ്ലെയര്‍ എങ്ങനെ രൂപപ്പെടുത്തണമെന്ന് തനിക്ക് പിടികിട്ടിയതായി, ആ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുവന്ന റോബിന്‍സ്റ്റീന്‍ സ്റ്റീവിനെ അറിയിച്ചു. മുന്നോട്ട് പോകാന്‍ സ്റ്റീവ് പച്ചക്കൊടി കാട്ടി.
രഹസ്യം, പരമരഹസ്യം
2001 അവസാനമാകുമ്പോഴേക്കും പുതിയ എംപി 3 പ്ലെയര്‍ വിപണിയിലെത്തണം-ഇതായിരുന്നു സ്റ്റീവിന്റെ തീരുമാനം. ഒരുവര്‍ഷം പോലും തികച്ചില്ല. റോബിന്‍സ്റ്റീനും സംഘത്തിനും കഠിനയത്‌നം തന്നെ വേണ്ടിയിരുന്നു ആ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍. ടോണി ഫഡെല്‍ ആയിരുന്നു ഐപോഡിന്റെ നിര്‍മിതിയില്‍ പ്രധാനപങ്കു വഹിച്ചവരില്‍ ഒരാള്‍. പഴയ മാക് ടീം രൂപംനല്‍കിയ 'ജനറല്‍ മാജിക്' എന്ന കമ്പനിയിലും പിന്നീട് ഫിലിപ്പ്‌സിലും ഒട്ടേറെ ഉപകരണങ്ങള്‍ നിര്‍മിച്ച് പരിചയമുള്ള ഫഡെല്‍, ഒരു എംപി 3 പ്ലെയറിന് രൂപംനല്‍കുകയെന്ന ആശയവുമായി നടക്കുന്ന കാലമായിരുന്നു അത്. പല കമ്പനികളെയും അദ്ദേഹം സമീപിച്ചു. പക്ഷേ ആരും ആ ആശയം ഏറ്റെടുക്കാന്‍ തയ്യാറായില്ല. അപ്പോഴാണ് സമാന ആശയവുമായി ആപ്പിള്‍ രംഗത്തെത്തുന്നത്. ഫഡെലിനെ 2001 ഫിബ്രവരിയില്‍ റോബിന്‍സ്റ്റീന്‍ ആപ്പിളിലേക്ക് കൊണ്ടുവന്നു. മ്യൂസിക് പ്ലെയര്‍ നിര്‍മിക്കുന്ന എന്‍ജിനിയര്‍മാരുടെയും ഡിസൈനര്‍മാരുടെയും ചെറുഗ്രൂപ്പിന്റെ മേധാവിയായി ഫഡെലിനെ നിശ്ചയിച്ചു. പതിവ് ആപ്പിള്‍ ശൈലിയില്‍, അതീവ രഹസ്യമായിട്ടായിരുന്നു ഐപോഡിന്റെ നിര്‍മാണം. അക്കാലത്ത് ഏഴായിരത്തോളം പേര്‍ ജോലിയെടുക്കുന്ന ആപ്പിള്‍ ആസ്ഥാനത്ത്, വെറും അമ്പതിനും നൂറിനും ഇടയ്ക്ക് ആളുകള്‍ക്ക് മാത്രമാണ് ഇത്തരമൊരു പ്രോജക്ടിന്റെ കാര്യം അറിയാമായിരുന്നുള്ളു. 'ഡുല്‍സിമെര്‍' (Dulcimer) എന്ന കോഡുനാമത്തിലാണ് ഐപോഡിന്റെ ജോലികള്‍ പുരോഗമിച്ചത്.
സ്റ്റീവ് നിശ്ചയിച്ച ഡെഡ്‌ലൈന്‍ പാലിക്കാനായി ഐപോഡിന്റെ പല ഭാഗങ്ങളും റെഡിമെയ്ഡായി തന്നെ പലയിടത്തുനിന്ന് കണ്ടെത്തേണ്ടി വന്നു. ഹാര്‍ഡ് ഡ്രൈവ് തോഷിബയുടെ പക്കല്‍ നിന്ന് സംഘടിപ്പിച്ചു, ബാറ്ററി സോണിയില്‍ നിന്ന്. കണ്‍ട്രോള്‍ ചിപ്പുകള്‍ ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സില്‍ നിന്ന് ഏര്‍പ്പാടാക്കി. 'പോര്‍ട്ടല്‍പ്ലെയര്‍' എന്ന സിലിക്കണ്‍ വാലി കമ്പനിയില്‍ നിന്നാണ് ഹാര്‍ഡ്‌വേറിന്റെ അടിസ്ഥാന രൂപരേഖ ആപ്പിള്‍ വാങ്ങിയത്. (പോര്‍ട്ടല്‍പ്ലെയറിന്റെ അമേരിക്കയിലും ഇന്ത്യയിലുമുള്ള എന്‍ജിനിയര്‍മാരില്‍ അധികം പേരും 2001 ല്‍ ഐപോഡിനായാണ് പ്രവര്‍ത്തിച്ചത്). ഐപോഡ് സോഫ്ട്‌വേറും ആപ്പിള്‍ വാങ്ങുകയാണ് ചെയ്തത്. സിലിക്കണ്‍ വാലിയില്‍ പുതിയതായി തുടങ്ങിയ പിക്‌സോ (Pixo) കമ്പനി സെല്‍ ഫോണുകള്‍ ലക്ഷ്യമിട്ട് വികസിപ്പിച്ചു കൊണ്ടിരുന്ന സോഫ്ട്‌വേര്‍ ആപ്പിള്‍ വാങ്ങി. മുന്‍ ആപ്പിള്‍ എന്‍ജിനിയറായ പോള്‍ മെര്‍സെര്‍ ആയിരുന്നു പിക്‌സോയുടെ സ്ഥാപകന്‍. ബാല്യദശയിലായിരുന്ന പിക്‌സോ സിസ്റ്റത്തില്‍ നിന്നാണ് ആപ്പിള്‍ അതിന്റെ പ്രശസ്തമായ ഐപോഡ് യൂസര്‍ ഇന്റര്‍ഫേസ് രൂപപ്പെടുത്തിയത്.
ഇത്തരത്തില്‍ പലതും പുറത്തു നിന്ന് വാങ്ങിയതിനൊപ്പം, പവര്‍ സപ്ലെ, ഡിസ്‌പ്ലെ, ഡിസൈന്‍ തുടങ്ങിയവയില്‍ ആപ്പിളിന്റെ പരിചയസമ്പന്നത വേണ്ടുവോളം പ്രയോജനപ്പെടുത്തുകയും ചെയ്തു. എംപി 3 ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് പ്ലെയറിലേക്ക് വളരെ വേഗം പകര്‍ത്താന്‍ മാക് കമ്പ്യൂട്ടറുകളിലെ ഫയര്‍ വയര്‍ പോര്‍ട്ട് സഹായിക്കും. ബാറ്ററിയായിരുന്നു യഥാര്‍ഥ പ്രശ്‌നം. പാട്ട് കേള്‍ക്കുന്ന സമയം മുഴുവന്‍ ഡ്രൈവ് കറങ്ങിക്കൊണ്ടിരുന്നാല്‍, സ്വാഭാവികമായും ബാറ്ററി വേഗം തീരും. അതിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ടത്, ഒരേ സമയം കുറെ പാട്ടുകള്‍ മെമ്മറി ചിപ്പിലേക്ക് പകര്‍ന്ന് വെയ്ക്കുക എന്നതാണ്. അത്രയും കേട്ടുതീരും വരെ ഡ്രൈവിന് വെറുതെയിരിക്കാം. അടുത്ത് പാട്ടുകള്‍ ലോഡ് ചെയ്യേണ്ട സമയത്ത് മാത്രമേ ഡ്രൈവ് പ്രവര്‍ത്തിക്കേണ്ടതുള്ളു. 32 എംബി മെമ്മറിയുള്ള ചിപ്പ്‌സെറ്റിന്റെ സഹായത്തോടെ, ആദ്യ ഐപോഡിന്റെ ബാറ്ററി ആയുസ്സ് പത്തു മണിക്കൂറാക്കി ഉയര്‍ത്താന്‍ ആപ്പിള്‍ ടീമിന് കഴിഞ്ഞു. അത് വലിയൊരു മുന്നേറ്റമായിരുന്നു.
ഇത്തരത്തില്‍ പലതും പുറത്തു നിന്ന് വാങ്ങിയതിനൊപ്പം, പവര്‍ സപ്ലെ, ഡിസ്‌പ്ലെ, ഡിസൈന്‍ തുടങ്ങിയവയില്‍ ആപ്പിളിന്റെ പരിചയസമ്പന്നത വേണ്ടുവോളം പ്രയോജനപ്പെടുത്തുകയും ചെയ്തു. എംപി 3 ഫയലുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് പ്ലെയറിലേക്ക് വളരെ വേഗം പകര്‍ത്താന്‍ മാക് കമ്പ്യൂട്ടറുകളിലെ ഫയര്‍ വയര്‍ പോര്‍ട്ട് സഹായിക്കും. ബാറ്ററിയായിരുന്നു യഥാര്‍ഥ പ്രശ്‌നം. പാട്ട് കേള്‍ക്കുന്ന സമയം മുഴുവന്‍ ഡ്രൈവ് കറങ്ങിക്കൊണ്ടിരുന്നാല്‍, സ്വാഭാവികമായും ബാറ്ററി വേഗം തീരും. അതിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ടത്, ഒരേ സമയം കുറെ പാട്ടുകള്‍ മെമ്മറി ചിപ്പിലേക്ക് പകര്‍ന്ന് വെയ്ക്കുക എന്നതാണ്. അത്രയും കേട്ടുതീരും വരെ ഡ്രൈവിന് വെറുതെയിരിക്കാം. അടുത്ത് പാട്ടുകള്‍ ലോഡ് ചെയ്യേണ്ട സമയത്ത് മാത്രമേ ഡ്രൈവ് പ്രവര്‍ത്തിക്കേണ്ടതുള്ളു. 32 എംബി മെമ്മറിയുള്ള ചിപ്പ്‌സെറ്റിന്റെ സഹായത്തോടെ, ആദ്യ ഐപോഡിന്റെ ബാറ്ററി ആയുസ്സ് പത്തു മണിക്കൂറാക്കി ഉയര്‍ത്താന്‍ ആപ്പിള്‍ ടീമിന് കഴിഞ്ഞു. അത് വലിയൊരു മുന്നേറ്റമായിരുന്നു.
ഡിസൈനും പേരും
വലിപ്പം കുറയണം, പ്രകടനം അസാധാരണമാകണം. എംപി 3 പ്ലെയറിന്റെ കാര്യത്തില്‍ ഇതാണ് ആപ്പിള്‍ ടീം കൈവരിക്കേണ്ടിയിരുന്നത്. 'മൂന്നാമത്തെ ക്ലിക്കില്‍ ഇഷ്ടഗാനംആസ്വദിക്കാന്‍ കഴിയണം' എന്നതായിരുന്നു ഐപോഡിന്റെ ഡിസൈനെപ്പറ്റി സ്റ്റീവ് ആവശ്യപ്പെട്ട സംഗതി. കാഴ്ചയിലും പ്രവര്‍ത്തനക്ഷമതയിലും ബാറ്ററി ലൈഫിലും വലിപ്പത്തിലും അന്നുവരെയുള്ള എല്ലാ എംപി 3 പ്ലെയറുകളെയും കടത്തിവെട്ടുന്ന ഉപകരണമാകണം അത്. ജോനാതന്‍ ഐവ് നേതൃത്വം നല്‍കുന്ന ആപ്പിളിന്റെ ലോകോത്തര ഡിസൈന്‍ ഗ്രൂപ്പ്, പ്രോട്ടോടൈപ്പുകളുടെ ഒരു നിര തന്നെ സൃഷ്ടിച്ചു. ഐവും സംഘവും രൂപംനല്‍കുന്ന ഓരോ മോഡലുകളും തിരസ്‌ക്കരിക്കപ്പെട്ടു. ബട്ടണുകളുള്ള എഫ്എം റേഡിയോ സെറ്റുകളെ അനുസ്മരിപ്പിക്കുന്നവയായിരുന്നു ആദ്യ മോഡലുകള്‍. ഡിസൈന്റെ കാര്യത്തില്‍ യഥാര്‍ഥ മുന്നേറ്റം വന്നത് അന്നത്തെ ആപ്പിളിന്റെ മാര്‍ക്കറ്റിങ് മേധാവി ഫില്‍ ഷില്ലെറില്‍ നിന്നാണ്. 'സ്‌ക്രോള്‍ വീല്‍' എന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. ശരിക്കും പ്രതിഭയുടെ ഒരു മിന്നലാട്ടമായിരുന്നു അത്. ഐപോഡിനെ മറ്റെല്ലാ മ്യൂസിക് പ്ലെയറുകളില്‍ നിന്നും വ്യത്യസ്തമാക്കിയത് സ്‌ക്രോള്‍ വീല്‍ ആണ്. അത്യന്തം കാര്യക്ഷമതയോടെ സ്‌ക്രോള്‍ വീല്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. രൂപഘടനയില്‍ ഐപോഡിനെ അതിശയിക്കാന്‍ പിന്നീട് ഒരു പ്ലെയറിനും കഴിയാത്തതിന് മുഖ്യകാരണവും അതു തന്നെയായിരുന്നു.
ഡിസൈന്‍ ശരിയായാല്‍ മാത്രം പോര. ആളുകളുടെ മനസില്‍ നില്‍ക്കുന്ന ഒരു പേരും വേണം പുതിയ എംപി 3 പ്ലെയറിന്. അനുയോജ്യമായ ഒരു പേര് കണ്ടെത്താന്‍ ആപ്പിള്‍ ചുമതലപ്പെടുത്തിയത്, സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫ്രീലാന്‍സ് എഴുത്തുകാരന്‍ വിന്നി ഷീകോയെ ആയിരുന്നു. മാസങ്ങളോളം ഷീകോ ആപ്പിളിലെ ഉന്നതരുമായി കൂടിയാലോചനകള്‍ നടത്തി. 'ഡിജിറ്റല്‍ ഹബ്' എന്ന ആശയവുമായി ബന്ധപ്പെടുത്തി ചിന്തിച്ചപ്പോഴാണ് ഐപോഡ് എന്ന പേരിലെത്തിയത്. ഭക്ഷണം, ഇന്ധനം തുടങ്ങിയവയ്ക്ക് ഒരു മാതൃപേടകവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറു ബഹിരാകാശ വാഹനത്തിനാണ് 'പോഡ്' എന്ന് പറയാറ്. 2001: A Space Odyssey യില്‍ ഒരു വാക്യമുണ്ട്....'Open the pod bay door, Hal!' സ്റ്റീവിന്റെ ഡിജിറ്റല്‍ ഹബ് സങ്കല്‍പ്പത്തില്‍ വീഡിയോ ക്യാമറയും മ്യൂസിക് പ്ലെയറുമെല്ലാം അതിന്റെ 'മാതൃപേടക'മായ മാക് സിസ്റ്റവുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. പോഡിനൊപ്പം ഐമാകിലെ 'ഐ' കൂടി ചേര്‍ന്നപ്പോള്‍ 'ഐപോഡ്' (iPod) ആയി. എന്നാല്‍, ഈ പേര് സ്റ്റീവ് ആദ്യം നിരസിക്കുകയാണുണ്ടായത്. പിന്നീട് അത് സ്വീകരിക്കുകയും ആ പേരുമായി അദ്ദേഹം പ്രണയത്തിലാവുകയും ചെയ്തു. (എന്നാല്‍, ഐപോഡ് എന്ന പേര് ആപ്പിളിലെ മറ്റൊരു ടീം 2000 ജൂലായ് 24 ന് ഇന്റര്‍നെറ്റ് കിയോസ്‌കുകള്‍ക്കായി ട്രേഡ് മാര്‍ക്ക് ചെയ്തിരുന്ന കാര്യം സ്റ്റീവ് പോലും അറിഞ്ഞിരുന്നില്ല!).
ഐടി രംഗവും ആഗോള രാഷ്ട്രീയവും ഒരുപോലെ പ്രക്ഷുബ്ധമായ സമയത്താണ് ഐപോഡ് ലോകത്തിന് മുന്നില്‍ അവതരിച്ചത്. ഡോട്ട്‌കോം കുമിള പൊട്ടിയ സമയമായിരുന്നു അത്. എംപി 3 പ്ലെയര്‍ ഉള്‍പ്പടെയുള്ള കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിഭാഗം പൂട്ടുന്നതായി ഇന്റല്‍ പ്രഖ്യാപിച്ചതും ആ സമയത്താണ്. എല്ലാറ്റിനുമുപരി, 2001 സപ്തംബര്‍ 11 ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നതിന് ശേഷമുള്ള സമയം. ചരിത്രത്തിന്റെയും ഐടിയുടെയും ആ ഇരുണ്ടദിനങ്ങളിലാണ് ഐപോഡ് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കപ്പെട്ടത്. അവസാന നിമിഷമുണ്ടായ ബാറ്ററി പ്രശ്‌നം പരിഹരിച്ച് ക്ടോബറില്‍ അവതരിപ്പിച്ച ഐപോഡ്, 2001 നവംബര്‍ 10 ന് ഉപഭോക്താക്കളുടെ കൈയിലെത്തി. 'ഐപോഡ് ഫസ്റ്റ് ജനറേഷന്‍' എന്നറിയപ്പെട്ട ആ ഉപകരണം 1.8 ഇഞ്ച് ഹാര്‍ഡ് ഡ്രൈവും 10 മണിക്കൂര്‍ ബാറ്ററി ആയുസ്സും സ്‌ക്രോള്‍ വീലുമുള്ളതായിരുന്നു. മാക് ഓപ്പറേറ്റിങ് സിസ്റ്റത്തിന് അനുയോജ്യമായ അതിന് പോര്‍ട്ടബില്‍ ടേപ്പ് ഡെക്കുകളെക്കാള്‍ വലിപ്പം കുറവായിരുന്നു. ഹാര്‍ഡ് ഡിസ്‌ക് അടിസ്ഥാനമായ മ്യൂസിക് പ്ലെയറുകളോടും, ഫ്ലാഷ് പ്ലെയറുകളോടും ഒരേ സമയം മത്സരിക്കാന്‍ ഐപോഡിന് സാധിച്ചു. അഞ്ചു ജിബി മോഡലിന് 399 ഡോളറായിരുന്നു വില. കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തുള്ളവര്‍ അത്ര ഉത്സാഹത്തോടെയല്ല പക്ഷേ, ഐപോഡിനെ സ്വീകരിച്ചത്. ഇത്രയും വലിയ തുക മുടക്കി എത്രപേര്‍ ഐപോഡ് വാങ്ങും എന്ന സംശയം ശക്തമായിരുന്നു. മാത്രമല്ല, മാക് സിസ്റ്റത്തില്‍ മാത്രമേ ഐപോഡ് അന്ന് പ്രവര്‍ക്കൂ എന്നതും പോരായ്മയായി വിലയരുത്തപ്പെട്ടു. ഐട്യൂണ്‍സാണ് ഐപോഡിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്. 'ഐട്യൂണ്‍സിന് ഐപോഡിനെപ്പറ്റി എല്ലാമറിയാം, ഐപോഡിന് ഐട്യൂണ്‍സിനെക്കുറിച്ചും', എന്നാണ് ഐപോഡ് അവതരിപ്പിച്ചുകൊണ്ട് സ്റ്റീവ് പ്രസ്താവിച്ചത്. തോന്നുന്നത് പോലെ ഏതെങ്കിലും കമ്പ്യൂട്ടറില്‍ നിന്ന് ഐപോഡിലേക്ക് പാട്ടുകള്‍ പകര്‍ത്താനും പറ്റില്ലായിരുന്നു. മ്യൂസിക് പൈറസി എന്നറിയപ്പെടുന്ന പാട്ടുകളുടെ മോഷണത്തിന് ഒരുപരിധി വരെ തടയിടാന്‍ ഈ സവിശേഷത സഹായിച്ചു.
വിജയഗാഥ
ഐപോഡിന്റെ പുതിയ വേര്‍ഷനുകള്‍ തുടരെ പുറത്തുവന്നു. 2000 പാട്ടുകള്‍ കൊള്ളുന്ന ഐപോഡ് 2002 മാര്‍ച്ചില്‍ എത്തി, 2002 ജൂലായില്‍ വിന്‍ഡോസ് വകഭേദവും രംഗത്തെത്തി. അധികം വൈകാതെ മകിന്റോഷിനെ കടത്തിവെട്ടുന്ന നിലയ്ക്കായി ഐപോഡിന്റെ വില്‍പ്പന. 2003 മെയില്‍ ഐപോഡ് വില്‍പ്പന 10 ലക്ഷം തികഞ്ഞു. കാര്യങ്ങളുടെ പോക്ക് സ്റ്റീവിന് വ്യക്തമായി. ആപ്പിളില്‍ ഒരു ഐപോഡ് വിഭാഗം ഉടലെടുത്തു, ജോണ്‍ റൂബിന്‍സ്റ്റീന്‍ ആയിരുന്നു അതിന്റെ മേധാവി. 2004 അവസാനമായപ്പോഴേക്കും 50 ലക്ഷം ഐപോഡുകള്‍ വിറ്റു. യഥാര്‍ഥത്തില്‍ ഒരു സ്വര്‍ണഖനിയാണ് ഐപോഡിലൂടെ സ്റ്റീവ് കണ്ടെത്തിയതെന്ന് ലോകത്തിന് ബോധ്യമായി തുടങ്ങി. ഐട്യൂണ്‍സ് മ്യൂസിക് സ്‌റ്റോര്‍ രംഗത്തെത്തിയതോടെയാണ്, ഐപോഡ് വില്‍പ്പന കുതിച്ചുയര്‍ന്നത്. മ്യൂസിക് ചോരണത്തിന് വിരമമിടാനും മ്യൂസിക് വ്യവസായത്തിന് പുതുജീവന്‍ നല്‍കാനും 2003 ഏപ്രില്‍ 29 ന് നിലവില്‍ വന്ന ഐട്യൂണ്‍സ് സ്‌റ്റോര്‍ വഴിതെളിച്ചു. മ്യൂസിക് ഫയലുകള്‍ കാശുകൊടുക്കാതെ ഡൗണ്‍ലോഡ് ചെയ്യാന്‍ നാപ്സ്റ്റര്‍ (Napster) സോഫ്ട്‌വേര്‍ സഹായിച്ചിരുന്നു സമയത്താണ്, ഐട്യൂണ്‍സ് സ്‌റ്റോറിന്റെ ആവിര്‍ഭാവം. സ്വാഭാവികമായും സംശയത്തോടെയാണ് മ്യൂസിക് വ്യവസായികള്‍ ഓണ്‍ലൈനില്‍ സംഗീതം ഡൗണ്‍ലോഡ് ചെയ്യുകയെന്ന ആശയത്തെ സമീപിച്ചത്. എന്നാല്‍, തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ഐട്യൂണ്‍സ് സ്‌റ്റോറിലൂടെ 10 ലക്ഷം ഗാനങ്ങളാണ് വിറ്റത്. ഏറ്റവും ജനപ്രിയ ഓണ്‍ലൈന്‍ മ്യൂസിക് സ്‌റ്റോറായി ഐട്യൂണ്‍സ് മ്യൂസിക് സ്‌റ്റോര്‍ ഒറ്റയടിക്ക് ഉയര്‍ന്നു. 2010 ഓടെ ആ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത ഗാനങ്ങളുടെ എണ്ണം 1000 കോടി തികഞ്ഞു.
ഐപോഡിന്റെ വരവോടെ ആപ്പിളിന്റെ സമയം തെളിഞ്ഞുവെന്ന് സാരം. 2004 കഴിഞ്ഞപ്പോഴേക്കും അമേരിക്കന്‍ മ്യൂസിക് പ്ലെയര്‍ വിപണിയില്‍ ഐപോഡ് അനിഷേധ്യമായ സ്ഥാനം നേടി. ഹാര്‍ഡ് ഡ്രൈവ് അധിഷ്ഠിത പ്ലെയറുകളുടെ കാര്യത്തില്‍ 90 ശതമാനവും ഐപോഡ് ആയി. മൊത്തം മ്യൂസിക് പ്ലെയറുകളുടെ കാര്യമെടുത്താന്‍ ഐപോഡിന്റെ വിപണി വിഹിതം 70 ശതമാനമായി. ആപ്പിളിന് മാത്രമല്ല, ഐപോഡിന്റെ ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഇതര കമ്പനികള്‍ക്കും ആ മ്യൂസിക് പ്ലെയര്‍ അനുഗ്രഹമായി. ഐപോഡിനുള്ള എംപി 3 ഡീകോഡര്‍ ചിപ്പുകള്‍ നല്‍കാനായി ആപ്പിള്‍ കരാറിലേര്‍പ്പെട്ടത് 'പോര്‍ട്ടല്‍പ്ലെയര്‍' കമ്പനിയുമായാണ്. 2004 ല്‍ ആ കമ്പനിയുടെ ആദ്യഓഹരി വില്‍പ്പന (ഐപിഒ) വമ്പിച്ച വിജയമായതിന് പിന്നില്‍ ഐപോഡിന്റെ വിജയമായിരുന്നു മുഖ്യകാരണം. ഐപോഡിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് കരുതപ്പെടുന്ന സ്‌ക്രോള്‍ വീല്‍ നിര്‍മിച്ചു നല്‍കിയിരുന്നത് 'സിനാപ്റ്റിക്‌സ്' എന്ന കമ്പനിയാണ്. ആ കമ്പനിയുടെയും സമയം തെളിഞ്ഞത് ഐപോഡിന്റെ വിജയത്തിലൂടെയാണ്.
ഓരോ വര്‍ഷവും ഐപോഡിന്റെ കൂടുതല്‍ പരിഷ്‌ക്കരിച്ച രൂപങ്ങളും പുതിയ മോഡലുകളും ആപ്പിള്‍ രംഗത്തെത്തിച്ചു. ചില മോഡലുകള്‍ നല്ല വില്‍പ്പനയുള്ളപ്പോള്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാനുള്ള ധൈര്യവും സ്റ്റീവ് കാട്ടി. 2005 ലാണ് ഹാര്‍ഡ് ഡ്രൈവിന് പകരം ഫ് ളാഷ് മെമ്മറി ഉപയോഗിച്ചുകണ്ടുള്ള 'ഐപോഡ് ഷഫിള്‍' രംഗത്തെത്തുന്നത്. പ്രശസ്ത മോഡലായ 'ഐപോഡ് നാനോ'യും ആ വര്‍ഷം തന്നെ വിപണിയിലെത്തി. 32 ജിബി കപ്പാസിറ്റിയും 22 മണിക്കൂര്‍ ബാറ്ററി ലൈഫുമുള്ള ഐപോഡ് ടച്ച് എത്തിയത് 2007 ല്‍. സ്‌ക്രോള്‍ വീലിന് പകരം മള്‍ട്ടിടച്ച് ആയിരുന്നു ഐപോഡ് ടച്ചിന്റെ പ്രത്യേകത. ഐഫോണ്‍ അവതരിപ്പിക്കപ്പെട്ട വര്‍ഷമായിരുന്നു അത്. 2010 സപ്തംബര്‍ 1 വരെയുള്ള കണക്ക് പ്രകാരം വിറ്റുപോയ ഐപോഡുകളുടെ ആകെ എണ്ണം 275 മില്യണ്‍ ആണ്. 2011 ജനവരിയില്‍ ആ സംഖ്യ 304 മില്യണ്‍ ആയി. പോര്‍ട്ടബിള്‍ മ്യൂസിക് പ്ലെയറിന്റെ കാര്യത്തില്‍ നിലവിലുള്ള റിക്കോഡ് സോണി വാക്ക്മാന്റെയാണ്. 1980 കള്‍ മുതല്‍ 1990 കള്‍ വരെ നീളുന്ന 15 വര്‍ഷത്തിനിടെ സോണി വാക്ക്മാന്‍ 350 മില്യണ്‍ ആണ് വിറ്റഴിഞ്ഞത്.
അവസാനത്തിന്റെ ആരംഭം
വ്യക്തിഗത വിനോദത്തിന്റെ പുത്തന്‍ലോകമാണ് ഐപോഡ് തുറന്നത്. ഡിജിറ്റല്‍ ഹബ് എന്ന സ്റ്റീവിന്റെ സങ്കല്‍പ്പത്തില്‍ കേന്ദ്രസ്ഥാനം മാക് കമ്പ്യൂട്ടറിനായിരുന്നുവെങ്കില്‍, പില്‍ക്കാലത്ത് ആ സ്ഥിതി മാറി. ഐപോഡ് തന്നെ ഡിജിറ്റല്‍ ഹബായി രൂപംപൂണ്ടു. ഡിജിറ്റല്‍ വീഡിയോയും ഫോട്ടോയും ഗെയിമുകളും സംഗീതവുമെല്ലാം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒന്നായി മാറി കൈവെള്ളയില്‍ ഒതുങ്ങുന്ന ഐപോഡ്. ഐപോഡ് സൃഷ്ടിച്ച വിപ്ലവത്തിന് ആക്കംകൂട്ടാന്‍ ഒട്ടേറെ ഗാഡ്ജറ്റുകളെത്തി. ആപ്പിളിന്റെ തന്നെ ഐഫോണും മറ്റ് കമ്പനികളിറക്കുന്ന സ്മാര്‍ട്ട്‌ഫോണുകളും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് രംഗത്തെ സൂപ്പര്‍താരങ്ങളായി. മൊബൈല്‍ ചിപ്പ് ഡിസൈന്‍ രംഗത്തെ അതികായരായ ആം (ARM) എന്ന ബ്രിട്ടീഷ് കമ്പനിയിലെ ജെയിംസ് ബ്രൂസ് പറയുന്നത് പ്രകാരം, മൊബൈല്‍ ഫോണ്‍ പോലുള്ള പോര്‍ട്ടബില്‍ ഉപകരണങ്ങളുടെ കാര്യത്തില്‍, 2000 ല്‍ പുറത്തിറങ്ങിയവയെ അപേക്ഷിച്ച് 40 മടങ്ങ് കരുത്തുള്ളവയാണ് ഇന്നിറങ്ങുന്നവ. വ്യത്യസ്ത ആകൃതിയുള്ള ഉപകരണങ്ങള്‍ക്ക് ആവശ്യമായ വിധത്തില്‍ വാര്‍ത്തെടുക്കാവുന്ന ലിഥിയം-അയണ്‍ പോളിമര്‍ ബാറ്ററികളുടെ ആവിര്‍ഭാവവും പുതിയ പേഴ്‌സണല്‍ കമ്പ്യൂട്ടിങ് വിപ്ലവത്തിന് ആക്കം കൂട്ടി. പുതിയ വിപ്ലവം, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളെ പേഴ്‌സണല്‍ അല്ലാതാക്കി മാറ്റി. പകരം, കൈയില്‍ കൊണ്ടു നടക്കാവുന്ന സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ന് യഥാര്‍ഥ 'പേഴ്‌സണല്‍ ഉപകരണങ്ങള്‍'.
ആപ്പിള്‍ സ്റ്റോറില്‍ ഐപോഡിന്റെ നാല് മോഡലുകളാണ് ഇപ്പോഴുള്ളത്-ഐപോഡ് ഷഫിള്‍, ഐപോഡ് നാനോ, ഐപോഡ് ക്ലാസിക്, ഐപോഡ് ടച്ച് എന്നിവ. അതില്‍ ഐപോഡ് ക്ലാസിക് നിര 2001 ലെ ആപ്പിളിന്റെ ആദ്യ ഐപോഡ് മോഡലിന്റെ നേര്‍പിന്‍ഗാമികളാണ്. ഐപോഡ് ഷഫിള്‍ 2005 ലിറക്കിയ, സ്‌ക്രീനില്ലാത്ത ഫ് ളാഷ് മോഡലിന്റെ പിന്‍ഗാമിയും. ഈ രണ്ട് മോഡലുകളും താമസിയാതെ ആപ്പിള്‍ പിന്‍വലിക്കുമെന്നാണ് ടെക്‌നോളജി രംഗത്ത് പരക്കുന്ന വാര്‍ത്ത. ആപ്പിളിന് അതിന്റെ ഏറ്റവും വലിയ വിജയം സമ്മാനിച്ച ഉപകരണമാണ് ഐപോഡ് എങ്കിലും, ഐഫോണും ഐപാഡും ആന്‍ഡ്രോയിഡ് ഫോണുകളും രംഗത്തെത്തിയതോടെ ഐപോഡിന് ആവശ്യക്കാര്‍ കുറഞ്ഞിരിക്കുന്നു. 2010 ന്റെ നാലാംപാദത്തില്‍ ആപ്പിള്‍ കമ്പനിയുടെ ആകെ വരുമാനത്തില്‍ വെറും എട്ട് ശതമാനം മാത്രമായിരുന്നു ഐപോഡ് വില്‍പ്പന വഴി ലഭിച്ചത്. വിപണിയിലെ ഈ ട്രെന്റ് ഐപോഡിന് എന്തു സംഭവിക്കാന്‍ പോകുന്നുവെന്നതിന്റെ ശരിക്കുള്ള സൂചനയാണ്. സാധാരണ ഐപോഡിന് പകരം ഐപോഡ് ടച്ചിനും ഐഫോണിനും കൂടുതല്‍ ശ്രദ്ധ നല്‍കാനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐപോഡിന്റേത് ചരിത്രദൗത്യമായിരുന്നു. ആ ദൗത്യം അത് നിര്‍വഹിച്ചു. പത്തുവര്‍ഷത്തെ ഐപോഡിന്റെ ചരിത്രം, ടെക്‌നോളജിയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി എക്കാലവും വിലയിരുത്തപ്പെടും.
0 comments:
Post a Comment