Showing posts with label business. Show all posts
Showing posts with label business. Show all posts

Tuesday, 25 October 2011

സാംസങ് മള്‍ട്ടിവ്യൂ എംവി 800 ഡിജിറ്റല്‍ ക്യാമറ വിപണിയില്‍


ഡിജിറ്റല്‍ ടെക്നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ് ഇലക്ട്രോണിക്സ് ലിമിറ്റഡ് മള്‍ട്ടിവ്യൂ എംവി 800 ഡിജിറ്റല്‍ ക്യാമറ വിപണിയിലിറക്കി. എല്ലാ ആങ്കിളുകളില്‍നിന്നും ചിത്രമെടുക്കാന്‍ സഹായിക്കുന്നതാണ് ക്യാമറ. മൂന്നിഞ്ച് വലിപ്പമുള്ള വൈഡ് ഫ്ളിപ്പ്-ഔട്ട് ടച്ച് ഡിസ്പ്ലേ പാനലാണ് പ്രീമിയം കോംപാക്റ്റ് ക്യാമറയുടെ പ്രത്യേകത.ഹൈ ഡെഫനിഷന്‍ വീഡിയോ റിക്കോര്‍ഡിങ്ങും സാധ്യമാകുന്ന സാംസങ് മള്‍ട്ടി വ്യൂ എംവി 800ന് 15,990 രൂപയാണ് വില.

റിസര്‍വ് ബാങ്ക് പലിശനിരക്ക് വീണ്ടും കൂട്ടി


കൊച്ചി: രാജ്യം ദീപാവലി ആഘോഷത്തിനു തയാറെടുക്കവെ, ജനങ്ങള്‍ക്ക് ആഘാതമായി റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനമാണ് ചൊവ്വാഴ്ച വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 8.50 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 7.50 ശതമാനവുമായി. കരുതല്‍ ധന അനുപാതം 6% ല്‍ തുടരും. ഈ സാമ്പത്തികവര്‍ഷം തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് പലിശ കൂട്ടുന്നത്. പന്ത്രണ്ട് തവണ കൂട്ടുമ്പോഴും പറഞ്ഞതുപോലെ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് വര്‍ധനയെന്ന് ഇത്തവണയും റിസര്‍വ് ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. നിരക്ക് വര്‍ധിച്ചതോടെ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പെടെ സകല വായ്പകളുടെയും പലിശ നിരക്ക് കൂടും. അതേസമയം സേവിങ്സ് ബാങ്ക് പലിശനിരക്ക് നിര്‍ണ്ണയിക്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖല, വാഹന വ്യവസായം എന്നീ മേഖലകളെയെല്ലാം നിരക്കു വര്‍ധന പിന്നോട്ടു വലിക്കും. ആര്‍ബിഐ യുടെ നിരക്കു വര്‍ധന മൂലം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഭവന വായ്പയുടെ പലിശ നിരക്കില്‍ 2.5 മുതല്‍ 3 ശതമാനം വരെ വര്‍ധനയുണ്ടായി. ഒക്ടോബര്‍ 8ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യപണപ്പെരുപ്പം 10.60% മായതാണ് മറ്റൊരു വെല്ലുവിളി. ഡിസംബറോടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്നും 2012 മാര്‍ച്ച് മാസത്തോടെ നിരക്ക് ഗണ്യമായി കുറഞ്ഞ് 7% ത്തിലെത്തുമെന്നുമാണ് റിസര്‍വ് ബാങ്ക് പ്രത്യാശ പ്രകടിപ്പിച്ചത്. പണപ്പെരുപ്പം വെല്ലുവിളിയായി തുടരുന്നതോടൊപ്പം രൂപയുടെ മൂല്യം കുറയുന്നത് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പുതിയ പ്രശ്നമാണെന്ന് ചൊവ്വാഴ്ചത്തെ ധന അവലോകന യോഗത്തിനു മുന്നോടിയായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി പത്താം മാസവും പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിനടുത്ത് തുടരുകയാണ്.

Sunday, 23 October 2011

എയര്‍ ഇന്ത്യയില്‍ നിന്ന് പൈലറ്റുമാര്‍ കൊഴിഞ്ഞുപോകുന്നു





മുംബൈ: പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയില്‍ നിന്ന് മൂന്ന് മാസത്തിനിടെ 48 പൈലറ്റുമാര്‍ രാജിവെച്ച് പുറത്തുപോയി. ഇതില്‍ മുപ്പതിലേറെ പേരും ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ ഇന്‍ഡിഗോയിലാണ് ചേര്‍ന്നത്. ശേഷിച്ചവര്‍ ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ്‌ജെറ്റ് എന്നിവയിലും ഏതാനും അന്താരാഷ്ട്ര വിമാനക്കമ്പനികളിലുമായി ജോലിയില്‍ പ്രവേശിച്ചു.

തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതാണ് ഇവരെ പുതിയ ജോലി തേടാന്‍ പ്രേരിപ്പിച്ചത്. കോടികളുടെ നഷ്ടത്തെ തുടര്‍ന്ന് മാസങ്ങളായി എയര്‍ഇന്ത്യയില്‍ ശമ്പളം മുടങ്ങുകയാണ്. കിട്ടുന്നതു പോലും ഗഡുക്കളായാണ് ലഭിക്കുന്നത്.

അതേസമയം, വന്‍തോതില്‍ വളര്‍ച്ച ലക്ഷ്യംവെയ്ക്കുന്ന സ്വകാര്യ വിമാനക്കമ്പനികള്‍ പൈലറ്റുമാര്‍ക്ക് ആകര്‍ഷകമായ ശമ്പള പാക്കേജാണ് വാഗ്ദാനം ചെയ്യുന്നത്. ശമ്പളത്തിന് പുറമെ ബോണസ് മറ്റു ആനുകൂല്യങ്ങള്‍ എന്നിവയുമുണ്ട്. എയര്‍ഇന്ത്യ വിട്ടുവരുന്ന പൈലറ്റുമാര്‍ക്ക് 22 ലക്ഷം രൂപയാണ് ഇന്‍ഡിഗോ, തുടക്കത്തില്‍ തന്നെ ബോണസ്സായി നല്‍കുന്നത്.

നേരത്തെ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നിന്ന് 35 പൈലറ്റുമാരെ ഇന്‍ഡിഗോ എടുത്തിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ 700ഓളം പൈലറ്റുമാരെ ആവശ്യമായുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

അതിനിടെ, ഗള്‍ഫിലേക്ക് 195 പ്രതിവാര സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് രാത്രികാല സര്‍വീസുകള്‍ നിര്‍ത്തുകയാണ്. പൈലറ്റ് ക്ഷാമം പരിഹരിക്കാനാണ് ഇതെന്ന് റിപ്പോര്‍ട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ സര്‍വീസുകളിലേറെയും കേരളത്തില്‍ നിന്നാണ്. വെളുപ്പിന് രണ്ട് മണിക്കും ആറ് മണിക്കുമിടയില്‍ ജോലി ചെയ്യുന്ന പൈലറ്റുമാര്‍ക്ക് കൂടുതല്‍ നേരം വിശ്രമം അനുവദിക്കണമെന്ന് വ്യോമയാന വകുപ്പ് ഡയറക്ടര്‍ ജനറല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫിബ്രവരി മുതല്‍ ഇത് നടപ്പാക്കാനാണ് പദ്ധതി. ഇതു ഒഴിവാക്കാന്‍ കൂടി വേണ്ടിയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് രാത്രി സര്‍വീസ് നിര്‍ത്തുന്നത്.

67,500 കോടി രൂപയുടെ കടബാധ്യതയിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍. ഇതില്‍ 21,200 കോടി രൂപ പ്രവര്‍ത്തന മൂലധന വായ്പയാണ്. 22,000 കോടി രൂപ വിമാനങ്ങള്‍ വാങ്ങാനായി എടുത്ത ദീര്‍ഘകാല വായ്പയും.

ഇലക്ട്രിക് ലൈറ്റിങ് വിപണി 10,000 കോടിയിലേക്ക്‌

കൊച്ചി: രാജ്യത്തെ ഇലക്ട്രിക് ലൈറ്റിങ് വിപണി അടുത്ത വര്‍ഷത്തോടെ 10,000 കോടി രൂപയുടേതായി ഉയരുമെന്ന് ഇലക്ട്രിക് ലാംപ് ആന്‍ഡ് കമ്പോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് സി.ജി.എസ്.മണി. 2010ലെ കണക്കനുസരിച്ച് 7,994 കോടി രൂപയുടേതാണ് ഇന്ത്യയിലെ ലൈറ്റിങ് വിപണി. പ്രതിവര്‍ഷം ശരാശരി 10-12 ശതമാനം നിരക്കിലാണ് ഈ വ്യവസായം വളരുന്നതെന്ന് ബജാജ് ഇലക്ട്രിക്കല്‍സിന്റെ ലൈറ്റിങ് വിഭാഗം പ്രസിഡന്റ് കൂടിയായ മണി വ്യക്തമാക്കി.

ഊര്‍ജന ഉത്പാദനത്തിനപ്പുറം ഊര്‍ജ സംരക്ഷണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. ഊര്‍ജ സംരക്ഷണം ഉറപ്പുവരുത്തുന്ന ലൈറ്റിങ് ഉത്പന്നങ്ങള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിഎഫ്എല്‍ ലാംപുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഊര്‍ജസംരക്ഷണം ഉറപ്പുനല്‍കുന്നതാണ് ഇവയുടെ എക്‌സൈസ് തീരുവ കുറച്ചാല്‍ കുറഞ്ഞ വിലയ്ക്ക് ഇവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരുകള്‍ വില്‍പന നികുതിയും കുറയ്ക്കണം.

കേരളത്തിലെ ലൈറ്റിങ് വിപണി 160 കോടി രൂപയുടേതാണെന്നും ത്വരിതഗതിയിലാണ് ഇത് വളരുന്നതെന്നും മണി പറഞ്ഞു. കഴിഞ്ഞ 28 വര്‍ഷമായി ബജാജ് ഇലക്ട്രിക്കല്‍സില്‍ പ്രവര്‍ത്തിക്കുന്ന മണി പാലക്കാട് സ്വദേശിയാണ്.

ബജാജ് ഇലക്ട്രിക്കല്‍സിന്റെ മൊത്തം വരുമാനത്തില്‍ 35 ശതമാനവും ലൈറ്റിങ് ബിസിനസ്സില്‍ നിന്നാണ്. സിഎഫ്എല്‍ ലാംപുകളുടെ ഉത്പാദനത്തിനായി നാസിക്കില്‍ കമ്പനി അത്യാധുനിക പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 2,400 സിഎഫ്എല്‍ ലാംപുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.

സ്വര്‍ണാഭരണങ്ങള്‍ നല്‍കും എടിഎം ഇന്ത്യയിലും




മുംബൈ: സ്വര്‍ണവും വജ്രവും ഇനി എടിഎമ്മിലൂടെ വാങ്ങാം. ഇന്ത്യയിലുമെത്തി ഗോള്‍ഡ് വെന്‍ഡിങ് മെഷീന്‍. സ്വര്‍ണ-വജ്രാഭരണ രംഗത്തെ പ്രമുഖരായ ഗീതാഞ്ജലി ഗ്രൂപ്പാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

എടിഎമ്മിന്റെ മാതൃകയില്‍ സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്ന വെന്‍ഡിങ് മെഷീന്‍ ഇന്ത്യയില്‍ തന്നെ ആദ്യമാണെന്ന് ഗീതാഞ്ജലി എക്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.

സ്വര്‍ണനാണയങ്ങള്‍, വെള്ളിനാണയങ്ങള്‍, തങ്കക്കട്ടികള്‍, പെന്‍ഡന്റ്, ഡയമണ്ട് പതിപ്പിച്ച ആഭരണങ്ങള്‍ എന്നിവ ഇതിലൂടെ ലഭ്യമാണ്. 1,000 രൂപ മുതല്‍ 30,000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്താം. വിവിധ സൈസിലും വിലയിലുമായി 36 ഓപ്ഷനുകളാണ് ഉപഭോക്താക്കള്‍ക്ക് മെഷീനിലൂടെ തിരഞ്ഞെടുക്കാന്‍ അവസരമുള്ളത്.

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ 25 വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാനാണ് ഗീതാഞ്ജലി ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. ഷോപ്പിങ് മാളുകള്‍, എയര്‍പോര്‍ട്ടുകള്‍, പ്രധാന ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ഇവ സ്ഥാപിക്കുക. ഇതിനായി 50 കോടി രൂപ മുതല്‍മുടക്കും. മൂന്ന് വര്‍ഷം കൊണ്ട് 450-500 കോടി രൂപയുടെ ബിസിനസാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നതെന്ന് അഗര്‍വാള്‍ വ്യക്തമാക്കി.