ഭാവി പ്രവചിക്കുന്നവരുണ്ട്, ഭാവിക്ക് വേണ്ടി മുന്‍കരുതലെടുക്കുന്നവരുണ്ട്, ഭാവി മുന്നില്‍ കണ്ട് അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയുന്നവരും കുറവല്ല. എന്നാല്‍, ഭാവി കണ്ടുപിടിക്കുന്നവര്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്. അന്തരിച്ച ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവന്‍ പോള്‍ ജോബ്‌സ് അഥവാ സ്റ്റീവ് ജോബ്‌സ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വമായി മാറുന്നത് അതുകൊണ്ടാണ്. ഭാവിയെ കണ്ടെത്തിയ മനുഷ്യനാണ് അദ്ദേഹം. അതുകൊണ്ടുതന്നെ ഭാവി തലമുറകളാകും അദ്ദേഹത്തോട് ഏറ്റവും കടപ്പെട്ടിരിക്കുക.
'നമ്മുടെയെല്ലാം ജീവിതത്തെ സമ്പുഷ്ടമാക്കാന്‍ പാകത്തില്‍ എണ്ണമറ്റ കണ്ടുപിടിത്തങ്ങള്‍ക്ക് വഴിതുറന്നത് സ്റ്റീവിന്റെ പ്രതിഭയും താത്പര്യവും ഊര്‍ജവുമാണ്. അളവറ്റ രീതിയില്‍ ലോകമിന്ന് കൂടുതല്‍ നല്ല ഇടമായിരിക്കുന്നത് സ്റ്റീവ് മൂലമാണ്'-ആപ്പിള്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു. സാങ്കേതികവിദ്യയ്ക്ക് എങ്ങനെ മനുഷ്യജീവിതം കൂടുതല്‍ മെച്ചപ്പെടുത്തനാകുമെന്ന് സ്റ്റീവ് ലോകത്തിന് കാട്ടിക്കൊടുത്തു. സമാനതകളില്ലാത്ത രീതിയില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ മാറിയതിന് പിന്നിലെ വിജയരഹസ്യം സ്റ്റീവല്ലാതെ മറ്റാരുമായിരുന്നില്ല. ഒരേ കമ്പനിയെ രണ്ടുതവണ അദ്ദേഹം ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ചു.
അതുകൊണ്ടാണ്, കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും മികച്ച സിഇഒ സ്റ്റീവാണെന്ന് ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് അടുത്തയിടെ അഭിപ്രായപ്പെട്ടത്. ഒന്നല്ല രണ്ടുതവണ ആപ്പിള്‍ കമ്പനിയെ ശക്തമായ കോര്‍പ്പറേഷനായി കെട്ടിപ്പെടുത്തതില്‍ ജോബ്‌സിനെ പുകഴ്ത്തിയേ തീരൂ എന്നാണ് അദ്ദേഹം പറഞ്ഞത്. എണ്ണവ്യവസായി ജോണ്‍ ഡി റോക്ക്‌ഫെല്ലര്‍, കാര്‍ വ്യവസായി ഹെന്‍ട്രി ഫോര്‍ഡ് തുടങ്ങിയ അമേരിക്കന്‍ വ്യവസായ ഭീമന്‍മാരെപ്പോലും സ്റ്റീവ് ജോബ്‌സ് കടത്തിവെട്ടുന്നതായും ഷിമിഡ്ത് പറഞ്ഞു.
സ്റ്റീവ് പാന്‍ക്രിയാസിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പിടിയിലായത് 2004 ലാണ്. പക്ഷേ, രോഗം അദ്ദേഹത്തെ തളര്‍ത്തിയില്ല. ആപ്പിളിന്റെ ഏറ്റവും വിജയിച്ച രണ്ട് ഉപകരണങ്ങള്‍ അതിന് ശേഷമാണ് പുറത്തു വന്നത്-ഐഫോണും ഐപാഡും. ആപ്പിളിന്റെ ഐപോഡ് എങ്ങനെയാണോ സംഗീതാസ്വാദനത്തിന്റെയും സംഗീത വ്യവസായത്തിന്റെയും വ്യാകരണം മാറ്റിയെഴുതിയത്, അതേ രീതിയില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ശിരോലിഖിതം ഐഫോണ്‍ മാറ്റി വരച്ചു, പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ ഐപാഡും.
പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ ഭാവിയെ ഒന്നല്ല മൂന്നുതവണ സ്റ്റീവ് മാറ്റിമറിച്ചു. 1980 കളുടെ പകുതിയില്‍ മകിന്റോഷ് വഴിയായിരുന്നു ആദ്യം. ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ച ആ കമ്പ്യൂട്ടര്‍ ഭാവിയിലേക്ക് ലോകത്തെ കൈപിടിച്ച് നടത്തി. 1990 കളുടെ അവസാനം ഐമാക് വഴി സ്റ്റീവ് വീണ്ടും ലോകത്തിന് വഴികാട്ടിയായി. ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടറായിരുന്നു പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ ഭാവിദിശയെ അടയാളപ്പെടുത്തിയ മൂന്നാമത്തെ അവസരം, 2010 ലാണ് ഐപാഡ് രംഗത്ത് അവതരിപ്പിച്ചത്.
പേഴ്‌സണല്‍ കമ്പ്യൂട്ടിങ് രംഗം മാത്രമല്ല സ്റ്റീവ് മാറ്റിയെഴുതിയത്. ആനിമേഷന്‍ സങ്കേതത്തിന്റെ യഥാര്‍ഥ സാധ്യതകള്‍ സിനിമാലോകത്തിന് കാട്ടിക്കൊടുത്തത് സ്റ്റീവ് സ്ഥാപിച്ച 'പിക്‌സര്‍' കമ്പനിയാണ്. പിക്‌സര്‍ നിര്‍മിച്ച 'ടോയ് സ്‌റ്റോറി' ഹോളിവുഡിലെ എക്കാലത്തെയും വലിയ ബോക്‌സോഫീസ് വിജയങ്ങളിലൊന്നായി മാറി.
1980 കളുടെ പകുതിയില്‍ ആപ്പളില്‍ നിന്ന് പുറത്താക്കപ്പെട്ട സ്റ്റീവ് സ്ഥാപിച്ച 'നെക്‌സ്റ്റ്' കമ്പനി വികസിപ്പിച്ച കമ്പ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റവും അതുപയോഗിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുമാണ്, 1990 കളുടെ തുടക്കത്തില്‍ ടിം ബേണേഴ്‌സ് ലീക്ക് 'വേള്‍ഡ് വൈഡ് വെബ്ബ്' വികസിപ്പിക്കാന്‍ അവസരമൊരുക്കിയതെന്ന് അറിയാവുന്നവര്‍ ചുരുക്കം. യൂറോപ്യന്‍ കണികാപരീക്ഷണശാലയില്‍ ഒരു 'നെക്സ്റ്റ്' കമ്പ്യൂട്ടറാണ് ലോകത്തെ ആദ്യ വെബ്ബ് സെര്‍വറായി മാറിയത്. അന്ന് ലഭ്യമായിരുന്ന മറ്റൊരു കമ്പ്യൂട്ടറിനും നെക്‌സ്റ്റിന്റെ ശക്തിയും കഴിവും ഉണ്ടായിരുന്നില്ല.
മൂന്നു ക്ലിക്കിന് ഒരു വിപ്ലവം
ഉപഭോക്താക്കളെ മുന്നില്‍ കണ്ടാണ് സ്റ്റീവ് ഓരോ ഡിജിറ്റല്‍ ഉപകരണവും രൂപപ്പെടുത്തിയത്. സാങ്കേതിക മികവെന്നാല്‍ ലാളിത്യവും ഉപയോഗക്ഷമതയുമാണെന്ന് അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുത്തു. 'വെറും മൂന്ന് ക്ലിക്കില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഗാനം കേള്‍ക്കാന്‍ പാകത്തിലൊരു മ്യൂസിക് പ്ലെയര്‍' -എന്നാണ് ആപ്പിള്‍ കമ്പനിയുടെ ഏറ്റവും സൂപ്പര്‍ഹിറ്റ് ഉപകരണമായ ഐപോഡ് സ്റ്റീവ് വിഭാവനം ചെയ്തത്. അതില്‍ വിജയിക്കുക മാത്രമല്ല, അതിന്റെ കൂടുതല്‍ മുന്തിയ വകഭേദങ്ങള്‍ തുടരെ പുറത്തിറക്കുക വഴി, വിനോദത്തെ തികച്ചും വ്യക്തിഗതമാക്കാന്‍ ആപ്പിളിനായി.
ഒരു പുതിയ കണ്ടെത്തലും ആപ്പിള്‍ നടത്തിയിട്ടില്ലെന്നാണ് സ്റ്റീവ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അവ ഉപഭോക്താക്കള്‍ നെഞ്ചിലേറ്റി. ആപ്പിള്‍ പുറത്തിറക്കിയ ഉപകരണങ്ങളൊന്നും എങ്ങനെ വേണം എന്ന് ഉപഭോക്താക്കളോട് ആരാഞ്ഞിട്ട് നിര്‍മിച്ചതല്ല. അത് സാധ്യമാകില്ലെന്ന് സ്റ്റീവ് വിശ്വസിച്ചിരുന്നു. ഉപഭോക്താക്കള്‍ അന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത പുതിയ ഉപകരണങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്. ഓരോന്നും പുതിയ അനുഭവങ്ങളാകാന്‍ പോകുന്നവ. അപ്പോള്‍, തനിക്ക് അറിയില്ലാത്ത ഒന്ന് എങ്ങനെ വേണമെന്ന് എങ്ങനെ ഉപഭോക്താക്കളോട് ആരായുമെന്ന് ഒരിക്കല്‍ സ്റ്റീവ് ചോദിക്കുകയുണ്ടായി.
എന്നുവെച്ചാല്‍, മുമ്പ് സൂചിപ്പിച്ചതുപോലെ ഭാവി എങ്ങനെയാകുമെന്ന് കണ്ടെത്തുകയാണ് സ്റ്റീവ് ചെയ്തത്. അത് വെറുതെ സാധിച്ചതല്ല. തീഷ്ണമായ ജീവിതാനുഭവങ്ങളും, എന്തിനെയും തലമുറകള്‍ക്കപ്പുറത്തേക്ക് കാണാനാകുന്ന ക്രാന്തദര്‍ശിത്വവും, പുതുമ സൃഷ്ടിക്കാനുള്ള അടങ്ങാത്ത അഭിനിവേശവുമാണ് സ്റ്റീവിനെ അതിന് പ്രാപ്തനാക്കിയത്. ആ അഭിനിവേശമാണ് ഭൂമുഖത്തെ ഏറ്റവും മൂല്യമേറിയ ടെക്‌നോളജി കമ്പനിയായി ആപ്പിളിനെ മാറ്റിയത്. 351 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ആപ്പിളിന് മുകളില്‍ ഇന്ന് ഒരു കമ്പനി മാത്രമേയുള്ളൂ, എണ്ണഭീമനായ എക്‌സോണ്‍ മൊബില്‍.
ചരിത്രം രചിച്ച കൂട്ടുകെട്ട്
ദത്തെടുക്കപ്പെട്ട ബാല്യവും ഒടുങ്ങാത്ത അലച്ചിലിന്റെ യവ്വനവുമായിരുന്നു സീവിന്റേത്. അവിവാഹിതരായ രണ്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ (സിറിയന്‍ വംശജനായ അബ്ദുള്‍ഫത്താ ജന്‍ഡാലിയുടെയും ജോവാനി ഷീബിളിന്റെയും) മകനായി 1955 ഫിബ്രവരി 24 ന് ജനിച്ച സ്റ്റീവിനെ, കാലിഫോര്‍ണിയക്കാരായ പോള്‍ ജോബ്‌സ്- ക്ലാര ജോബ്‌സ് ദമ്പതിമാര്‍ ദത്തെടുക്കുകയായിരുന്നു. ആ ദത്തെടുക്കല്‍ നടന്ന് മാസങ്ങള്‍ക്ക് ശേഷം സ്റ്റീവിന്റെ യഥാര്‍ഥ മാതാപിതാക്കള്‍ വിവാഹിതരാവുകയും അവര്‍ക്ക് ഒരു മകള്‍ ജനിക്കുകയും ചെയ്തു-മോന. അവള്‍ യൗവ്വനത്തിലെത്തും വരെ സ്റ്റീവ് തന്റെ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല.
യു.എസ്.ഇലക്ട്രോണിക്‌സ് വ്യവസായത്തിന്റെ തലസ്ഥാനമായിരുന്ന സിലിക്കണ്‍ വാലിയിലെക്ക് ജോബ്‌സ് കുടുംബം കുടിയേറി. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഹ്യുലെറ്റ് പക്കാര്‍ഡിന്റെ പാലോ ഓള്‍ട്ടോ പ്ലാന്റില്‍ ഒരു വേനല്‍ക്കാല ജോലി സ്റ്റീവിന് ലഭിച്ചു. അവിടെ വെച്ചാണ് സ്റ്റീവ് വോസ്‌നികിനെ പരിചയപ്പെടുന്നത്. ടെക് ലോകത്ത് ചരിത്രം രചിക്കാന്‍ പോകുന്ന ഒരു കൂട്ടുകെട്ടിന്റെ തുടക്കമായിരുന്നു അതെന്ന് അന്ന് ഇരുവരും കരുതിയില്ല.
കോളേജില്‍ ചേര്‍ന്ന സ്റ്റീവ് ആദ്യ ടേം കഴിഞ്ഞപ്പോള്‍ പഠിപ്പ് നിര്‍ത്തി. രക്ഷിതാക്കള്‍ തന്റെ പഠനത്തിന് എത്രമാത്രം കഷ്ടപ്പെടുന്നു എന്ന് മനസിലാക്കി താന്‍ പഠിപ്പ് നിര്‍ത്തുകയായിരുന്നുവെന്ന് പില്‍ക്കാലത്ത് സ്റ്റീവ് പറയുകയുണ്ടായി. 'അറ്റാറി'യെന്ന ഗെയിം നിര്‍മാണക്കമ്പനിയില്‍ സ്റ്റീവ് പിന്നീട് ജോലിക്ക് ചേര്‍ന്നു. ഇന്ത്യയിലേക്ക് യാത്ര പോകാനുള്ള പണം സമ്പാദിക്കലായിരുന്നു ലക്ഷ്യം. ഇന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷം തല മുണ്ഡനം ചെയ്ത് ബുദ്ധമതത്തില്‍ ചേര്‍ന്നിട്ടാണ് സ്റ്റീവ് അമേരിക്കയില്‍ തിരിച്ചെത്തിയത്. ശിഷ്ടജീവിതം മുഴുവന്‍ അദ്ദേഹം ബുദ്ധമത അനുയായിയായിരുന്നു. മത്സ്യം കഴിക്കുന്ന സസ്യഭുക്കും (പെസ്‌കഡേറിയന്‍) ആയിരുന്നു ജീവിതകാലം മുഴുന്‍.
അറ്റാറിയില്‍ സ്റ്റീവ് വീണ്ടും ചേര്‍ന്നതിനൊപ്പം, തന്റെ ചങ്ങാതി വോസ്‌നിക് അംഗമായ ഒരു പ്രാദേശിക കമ്പ്യൂട്ടര്‍ ക്ലബ്ബിലും പ്രവര്‍ത്തനം തുടങ്ങി. അപ്പോഴേക്കും വോസ്‌നിക് സ്വന്തം നിലയ്ക്ക് കമ്പ്യൂട്ടര്‍ രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങിയിരുന്നു. കമ്പ്യൂട്ടര്‍ വിറ്റ് എന്തുകൊണ്ട് ജീവിച്ചുകൂടാ എന്ന് ചങ്ങാതിമാര്‍ ആലോചിച്ചു. അങ്ങനെയാണ് 1976 ഏപ്രില്‍ ഒന്നിന് ആപ്പിള്‍ കമ്പനിയുടെ പിറവി. സ്റ്റീവിനും വോസ്‌നികിനും തുല്യ പങ്കാളിത്തവും, റോണ്‍ വയന്‍ എന്ന സുഹൃത്തിന് പത്തുശതമാനം പങ്കാളിത്തവുമായിരുന്നു കമ്പനിയില്‍. വോസ്‌നിക് തന്റെ ഇലക്ട്രോണിക് കാല്‍ക്കുലേറ്ററും സ്റ്റീവ് തന്റെ ഫോക്‌സ്‌വാഗണ്‍ വാഹനവും വിറ്റ് കമ്പനിക്ക് പ്രാരംഭ ഫണ്ട് കണ്ടെത്തി.
ആപ്പിളിന്റെ മധുരം
സ്റ്റീവിന്റെ കിടപ്പുമുറിയിലായിരുന്നു ആപ്പിള്‍ കമ്പനി സ്ഥാപിക്കപ്പെട്ടത്. വീട്ടിലെ ഗാരേജ് കമ്പ്യൂട്ടറുകള്‍ നിര്‍മിക്കാനുള്ള സ്ഥലവുമായി. 'ആപ്പിള്‍ 1' കമ്പ്യൂട്ടറിന്റെ നിര്‍മാണത്തിലൂടെ, പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന് കമ്പനി തുടക്കംകുറിച്ചു. 'ആപ്പിള്‍ 1' ന് ശേഷം 'ആപ്പിള്‍ 2'. സാധാരണ ഉപഭോക്താക്കള്‍ വന്‍തോതില്‍ വാങ്ങിയ ആദ്യത്തെ കമ്പ്യൂട്ടറായി ആപ്പിള്‍ 2. 1977 ല്‍ കാലിഫോര്‍ണിയ കമ്പ്യൂട്ടര്‍ മേളയില്‍ അത് ആദ്യമായി അവതരിപ്പിക്കപ്പെട്ടു. ഉയര്‍ച്ചയുടെ നാളുകളായിരുന്നു പിന്നീട്.
1983 ല്‍ 'ഫോര്‍ച്യൂണ്‍ 500' പട്ടികയില്‍ 411 -ാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് ആപ്പിള്‍ ചരിത്രം കുറിച്ചു. ബിസിനസ് ചരിത്രത്തില്‍ ഇത്രവേഗം വളര്‍ച്ച രേഖപ്പെടുത്തിയ ഒരു കമ്പനി അതുവരെ ഉണ്ടായിട്ടില്ല. 1980 കളിലെ ഒരു മൈക്രോസോഫ്ടായി ആപ്പിള്‍ മാറി.
'വെറും 23 വയസ്സുള്ളപ്പോള്‍ എന്റെ സാമ്പാദ്യം ഒരു മില്യണില്‍ കൂടുതലായിരുന്നു. 24-ാം വയസ്സില്‍ അത് പത്ത് മില്യണിലേറെയായി. 25 വയസായപ്പോള്‍ സമ്പാദ്യം നൂറ് മില്യണില്‍ കൂടുതലായി. പക്ഷേ, അതെനിക്ക് പ്രധാനപ്പെട്ടതായിരുന്നില്ല. കാരണം പണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നില്ല എന്റേത്'-അന്നത്തെ ആപ്പിളിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ട് തന്റെ നേട്ടത്തെക്കുറിച്ച് സ്റ്റീവ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്.
ആപ്പിളിന്റെ വിജയഗാഥ അവസാനിച്ചില്ല. കമ്പ്യൂട്ടര്‍ ഉപയോഗത്തില്‍ വിപ്ലവം സൃഷ്ടിച്ച 'ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ്'(ജിയുഐ) വിജയകരമായി ഉപയോഗിച്ച ആദ്യ കമ്പ്യൂട്ടറായ 'മകിന്റോഷ്', സ്റ്റീവിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ പുറത്തിറക്കുന്നത് 1984 ലാണ്. ശരിക്കുള്ള പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ യുഗത്തിലേക്ക് ലോകം പ്രവേശിച്ചത് അതോടെയാണ്.
അവസാനിക്കാത്ത വിജയഗാഥ
പക്ഷേ, സ്റ്റീവിന്റെ ജീവിതത്തിലെ പരീക്ഷണങ്ങളോ വിജയങ്ങളോ അവസാനിച്ചിരുന്നില്ല. ആപ്പിള്‍ അതിന്റെ ഏറ്റവും വലിയ ഉയരങ്ങളിലൊന്നില്‍ നില്‍ക്കുമ്പോള്‍, 1985 ല്‍ സിഇഒ ജോണ്‍ സ്‌കള്ളിയുടെ നേതൃത്വത്തില്‍ നടന്ന 'അട്ടിമറി'യിലൂടെ സ്റ്റീവ് ആപ്പിളിന് പുറത്തായി! ആപ്പിളിനെ തോത്പിക്കാനായി സ്റ്റീവിന്റെ പിന്നീടുള്ള ശ്രമം. അതിനാണ് 1985 ല്‍ 'നെക്സ്റ്റ്' കമ്പനി സ്ഥാപിച്ചത്.
ആ വര്‍ഷം തന്നെ, 'സ്റ്റാര്‍ വാര്‍സ്' സംവിധായകന്‍ ജോര്‍ജ് ലൂക്കാസിന്റെ പക്കല്‍ നിന്ന് പത്ത് മില്യണ്‍ ഡോളറിന് 'ഗ്രാഫിക്‌സ് ഗ്രൂപ്പ്' എന്ന കമ്പനി വിലയ്ക്ക് വാങ്ങി അതിന് 'പിക്‌സര്‍' എന്ന് പുനര്‍നാമകരണം ചെയ്തു. 1995 ല്‍ പിക്‌സര്‍ നിര്‍മിച്ച 'ടോയ് സ്‌റ്റോറി' എന്ന ആനിമേഷന്‍ സിനിമ ആഗോളതലത്തില്‍ സൂപ്പര്‍ഹിറ്റായി. ലോകത്തെമ്പാടും നിന്ന് 350 മില്യണ്‍ ഡോളറായിരുന്നു ആ ചിത്രത്തിന്റെ കളക്ഷന്‍. 'എ ബഗ്‌സ് ലൈഫ്', 'ഫൈന്‍ഡിങ് നെമോ', 'മോണ്‍സ്‌റ്റേഴ്‌സ് ഇന്‍കോ' തുടങ്ങിയ സൂപ്പര്‍ഹിറ്റ് ആനിമേഷന്‍ സിനിമകളും പിക്‌സറിലാണ് പിറന്നത്. 2005 ല്‍ ഏഴ് ബില്യണ്‍ ഡോളറിന്് പിക്‌സറിന്റെ കൂടുതല്‍ ഓഹരികള്‍ ഡിസ്‌നി കമ്പനി സ്വന്തമാക്കി.
എന്നാല്‍, പിക്‌സറിനെ പോലെ വിജയമായിരുന്നില്ല നെക്സ്റ്റ് കമ്പനി. ആ കമ്പനിയെ ആപ്പിള്‍ പിന്നീട് സ്വന്തമാക്കി. സ്റ്റീവ് വീണ്ടും ആപ്പിളിലെത്താന്‍ അതു വഴിയൊരുക്കുകയും ചെയ്തു. മാത്രമല്ല, നെക്സ്റ്റ് വികസിപ്പിച്ച സോഫ്ട്‌വേറാണ് 1990 കളുടെ അവസാനം ആപ്പിളിന്റെ സൂപ്പര്‍ഹിറ്റായ 'മാക് ഒഎസ് എക്‌സ്' വികസിപ്പിക്കാനുള്ള അടിത്തറയായത്.
ആപ്പിള്‍ കമ്പനി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന 1996 ലാണ് സ്റ്റീവ് വീണ്ടും അവിടെയെത്തുന്നത്. നെക്സ്റ്റ് കമ്പനി ആപ്പിള്‍ വാങ്ങിയതോടെയാണ് സ്റ്റീവിന്റെ മടങ്ങി വരവിന് കളമൊരുങ്ങിയത്. 11 വര്‍ഷത്തിന് ശേഷം ആദ്യമായി താന്‍ സ്ഥാപിച്ച കമ്പനിയില്‍ അദ്ദേഹം കാലുകുത്തുകയായിരുന്നു. 1997 ല്‍ അദ്ദേഹം ആപ്പിളിന്റെ ഇടക്കാല സിഇഒ ആയി ചുമതലയേറ്റു. 2000 ല്‍ സിഇഒ പദവി സ്വീകരിച്ചു.
ആപ്പിളിലേക്കുള്ള രണ്ടാംവരവിന് ശേഷം സ്റ്റീവ് സൃഷ്ടിച്ച ചരിത്രം മാക്ബുക്കുകളുടെയും ഐപാഡിന്റെയും രൂപത്തില്‍ നമ്മുടെ മുന്നിലും, ഐപാഡിന്റെയും ഐഫോണിന്റെയും രൂപത്തില്‍ നമ്മുടെ കീശകളിലും, ഐട്യൂണ്‍ സ്‌റ്റോറിന്റെയും ആപ്പിള്‍ ആപ് സ്റ്റോറിന്റെയും രൂപത്തില്‍ നെറ്റിലുമുണ്ട്.
മുങ്ങുന്ന കപ്പലായിരുന്ന ആപ്പിളിനെയാണ് സ്റ്റീവ് കൈപിടിച്ചുയര്‍ത്തിയത്. അദ്ദേഹത്തിന്റെ ക്രിയാത്മകതയും ഊര്‍ജസ്വലതയും വീണ്ടും ടെക് ലോകത്തിന് വഴികാട്ടിയായി. 1996 ല്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കമ്പനിയെ, സ്റ്റീവ് ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക്‌നോളജി കമ്പനിയാക്കി മാറ്റി.
2004 ല്‍ അര്‍ബുദ ബാധ തിരിച്ചറിഞ്ഞെങ്കിലും സ്റ്റീവ് തന്റെ ദൗത്യത്തില്‍ നിന്ന് പിന്തിരിഞ്ഞില്ല. 2011 ആഗസ്ത് 25 ന് ആപ്പിളിന്റെ സിഇഒ പദം സ്റ്റീവ് ഒഴിഞ്ഞപ്പോള്‍ അത് ശരിക്കുമൊരു യുഗത്തിന്റെ അവസാനമായി. ഇപ്പോള്‍ അദ്ദേഹം യാത്രയായിരിക്കുന്നു. പുതിയ ഐഫോണ്‍ (ഐഫോണ്‍ 4എസ്) ആപ്പിള്‍ അവതരിപ്പിച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് സ്റ്റീവിന്റെ വിടവാങ്ങല്‍; ഭാവി തലമുറകള്‍ക്ക് ഓര്‍ക്കാന്‍ അസാധാരണമായ ഒരു ജീവിതാധ്യായം അവശേഷിപ്പിച്ചുകൊണ്ട്.
(അവലംബം: ഐക്കണ്‍ സ്റ്റീവ് ജോബ്‌സ് -ജെഫ്‌റി എസ്. യങ്, വില്യം എല്‍.സിമോന്‍ ; ഇന്‍സൈഡ് സ്റ്റീവ്‌സ് ബ്രെയ്ന്‍ - ലിയാന്‍ഡര്‍ കാഹ്നി; ഹൗ ദി വെബ് വാസ് ബോണ്‍-ജെയിംസ് ഗില്ലിസ്, റോബര്‍ട്ട് കാലീയൂ)
സ്റ്റീവിന്റെ മാത്രം വഴികള്‍
0 comments:
Post a Comment