വ്യവസായിക രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള കോഴിക്കോട്ട് സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വരാനിരിക്കുന്ന സൈബര്‍ പാര്‍ക്കിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ പുരോഗമിച്ചു വരികയാണ്. കോഴിക്കോടും കാസര്‍ക്കോടും കണ്ണൂരുമായി മൂന്നു യൂണിറ്റുകള്‍ ആരംഭിക്കാനിരിക്കുന്ന സൈബര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചും, പാര്‍ക്ക് കേരളത്തിനു നല്‍കിയേക്കാവുന്ന സംഭാവനകളെ സംബന്ധിച്ചും സൈബര്‍ പാര്‍ക്ക് സി.ഇ.ഒ ബിനു പാഴൂര്‍ എംബി ഫോര്‍ ഫിന്‍ ഡോട്ട് കോമിനോട് സംസാരിച്ചപ്പോള്‍.
? സൈബര്‍ പാര്‍ക്ക് പദ്ധതിക്ക് നിക്ഷേപം എത്ര വേണ്ടി വരും
= കോഴിക്കോടു യൂണിറ്റിന് 200 മുതല്‍ 300 കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂര്‍ യൂണിറ്റിന് 200 കോടി രൂപയുടെയും കാസര്‍ക്കോടു യൂണിറ്റിന് 200 മുതല്‍ 400 കോടി രൂപയുടെ നിക്ഷേപവും ആവശ്യമായി വരും.
? ഏതെല്ലാം കമ്പനികള്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കും
= ഏതെല്ലാം കമ്പനികള്‍ ഉണ്ടായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഐ.ബി.എസ്, യു.എസ്.ടി ഗ്ലോബല്‍ തുടങ്ങിയ ചില പ്രധാനപ്പെട്ട കമ്പനികള്‍ സമീപിച്ചിട്ടുണ്ട്. ഇവരുമായി ചര്‍ച്ച പുരോഗമിച്ചു വരികയാണ്.
? സൈബര്‍ പാര്‍ക്ക് കേരളത്തിന് നല്‍കാവുന്ന സംഭാവനകള്‍ എന്തൊക്കെയാണ്
= കേരളത്തില്‍ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തനമാരംഭിക്കുന്നതോടുകൂടി വരാന്‍ പോകുന്നത്. ഇതിന്റെ പ്രയോജനം ഏറ്റവുമധികമുണ്ടാവുക മലയാളികള്‍ക്ക് തന്നെയാണ്.
? സൈബര്‍ പാര്‍ക്കില്‍ എന്തെല്ലാം അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടാകും
= ഗ്രീന്‍ സ്റ്റാന്‍ഡാര്‍ഡ്‌സ് അനുസരിച്ചുള്ള ഹെല്‍ത്ത് ക്ലബ്, ഡേ കെയര്‍ സെന്റര്‍, ട്രെയിനിങ് സെന്ററുകള്‍, അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ് എന്നീ സൗകര്യങ്ങള്‍ സൈബര്‍ പാര്‍ക്കിലുണ്ടാവും. ഫര്‍ണിഷ് ചെയ്തതും ചെയ്യാത്തതുമായ കെട്ടിടങ്ങള്‍ കമ്പനികളുടെ ആവശ്യാനുസരണം നല്‍കാനാണ്് പ്രാരംഭദിശയില്‍ ഉദ്ദേശിക്കുന്നത്. പുതുകമ്പനികള്‍ക്ക് വളര്‍ന്നുവരാന്‍ സാഹചര്യമൊരുക്കുന്ന ഇന്‍ക്യുബേഷന്‍ സെന്ററുകളും സൈബര്‍ പാര്‍ക്കിലുണ്ടാവും.
? ഇന്‍ക്യുബേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം ഒന്നു വ്യക്തമാക്കാമോ
= താരതമ്യേന ജീവനക്കാര്‍ കുറഞ്ഞതും വളര്‍ന്നുവരുന്നതുമായ ചെറിയ കമ്പനികള്‍ക്കു വേണ്ടിയാണ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ചെറിയ വര്‍ക്ക് സ്‌പേസ് മാത്രം ആവശ്യമുളള ഇത്തരം കമ്പനികള്‍ക്കും ആവശ്യാനുസരണം മുറികളും സൗകര്യങ്ങളും ഇന്‍ക്യുബേഷന്‍ സെന്ററുകളിലുണ്ടാവും.
? സൈബര്‍ പാര്‍ക്കിന്റെ മൂന്നു യൂണിറ്റുകള്‍ എവിടെയൊക്കെയായിക്കും
= കോഴിക്കോട് യൂണിറ്റിന് പന്തീരാങ്കാവിനും നെല്ലിക്കോടിനും ഇടയിലാണ് ഭൂമി അനുവദിച്ചു കിട്ടിയിരിക്കുന്നത്. കാസര്‍ക്കോട് യൂണിറ്റ് ഹോസ്ദുര്‍ഗ് താലൂക്കില്‍പ്പെടുന്ന ചീമീനി വില്ലേജിലും കണ്ണൂര്‍ യൂണിറ്റ് തളിപ്പറമ്പ് താലൂക്കില്‍പ്പെടുന്ന എരമം വില്ലേജിലുമാണ് പ്രവത്തനമാരംഭിക്കുക.
? സൈബര്‍ പാര്‍ക്കിന്റെ മൂന്നു യൂണിറ്റുകളുടെ ഏകോപനം എങ്ങനെയായിരിക്കും
= കേരളത്തിലെ മറ്റ് ഐ.ടി പാര്‍ക്കുകളുടെ പ്രവര്‍ത്തനരീതിക്ക് സമാനമായാണ് സൈബര്‍ പാര്‍ക്കും പ്രവര്‍ത്തിക്കുക. പാര്‍ക്കിന്റെ മൂന്നു യൂണിറ്റുകളിലും പ്രത്യേകം അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളുണ്ടാവും.
? കേരളത്തിലെ മറ്റു ഐ ടി പാര്‍ക്കുകളില്‍ വന്നിട്ടുളള പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുളളത്
= മറ്റു പാര്‍ക്കുകളിലെ ഉദ്യോഗസ്ഥരുമായി അടുത്തുപ്രവര്‍ത്തിക്കുക വഴി അവിടെ വന്നിട്ടുള്ള പാളിച്ചകളും മറ്റും വിലയിരുത്തി വരുന്നു. ഇതനുസരിച്ച് കുറ്റമറ്റ രീതിയിലായിരിക്കും സൈബര്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുക.
? ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയ്ക്ക് ഗുണകരമാകുമെന്ന് പലരും പറയുന്നുണ്ടല്ലോ. അമേരിക്ക സാമ്പത്തിക മാന്ദ്യത്തില്‍ നിന്നു കരകയറുമ്പോള്‍ കേരളത്തിലെ ഐ. ടി വ്യവസായം എങ്ങനെയിരിക്കും
= ചിലവ് ചുരുക്കലിലൂടെ മാത്രമെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ കഴിയൂ. ഒട്ടുമിക്ക ആഗോള കമ്പനികളും ഈ അവസരത്തില്‍ ചിലവ് ചുരുക്കുന്നതില്‍ അതീവ ശ്രദ്ധാലുക്കളാണ്. ഇത് ബാംഗളൂര്‍ പോലുളള മുന്‍നിര നഗരങ്ങളില്‍ നിന്നും കൊച്ചി, കോഴിക്കോടു പോലുളള ചെറുനഗരങ്ങളിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കും. കേരളത്തില്‍ ഏകദേശം ഒരു ലക്ഷം തെഴിലവസരങ്ങള്‍ സൈബര്‍ പാര്‍ക്ക് സൃഷ്ടിക്കുമെന്നാണ് പ്രാഥമിക നിഗമനം.
ബിനു പാഴൂര്‍
സൈബര്‍ പാര്‍ക്ക് സി.ഇ.ഒയായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് അമേരിക്കയില്‍ സാമ്പത്തിക രംഗത്തെ സാങ്കേതിക സേവന ദാതാക്കളായ ഫിസര്‍വ് എന്ന സ്ഥാപനത്തിലായിരുന്നു ബിനു പാഴൂര്‍. സാമ്പത്തിക രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വന്തം നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുളള ആഗ്രഹമാണ് ബിനു പാഴൂരിനെ കേരളത്തിലെത്തിച്ചത്. അമേരിക്കയിലെയും ഇന്ത്യയിലെയും സാഹചര്യങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടെങ്കിലും അടിസ്ഥാനപരമായി ബിസിനസ് ഒന്നു തന്നെയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
0 comments:
Post a Comment