Sunday, 23 October 2011

ഇലക്ട്രിക് ലൈറ്റിങ് വിപണി 10,000 കോടിയിലേക്ക്‌

കൊച്ചി: രാജ്യത്തെ ഇലക്ട്രിക് ലൈറ്റിങ് വിപണി അടുത്ത വര്‍ഷത്തോടെ 10,000 കോടി രൂപയുടേതായി ഉയരുമെന്ന് ഇലക്ട്രിക് ലാംപ് ആന്‍ഡ് കമ്പോണന്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് സി.ജി.എസ്.മണി. 2010ലെ കണക്കനുസരിച്ച് 7,994 കോടി രൂപയുടേതാണ് ഇന്ത്യയിലെ ലൈറ്റിങ് വിപണി. പ്രതിവര്‍ഷം ശരാശരി 10-12 ശതമാനം നിരക്കിലാണ് ഈ വ്യവസായം വളരുന്നതെന്ന് ബജാജ് ഇലക്ട്രിക്കല്‍സിന്റെ ലൈറ്റിങ് വിഭാഗം പ്രസിഡന്റ് കൂടിയായ മണി വ്യക്തമാക്കി.

ഊര്‍ജന ഉത്പാദനത്തിനപ്പുറം ഊര്‍ജ സംരക്ഷണത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നത്. ഊര്‍ജ സംരക്ഷണം ഉറപ്പുവരുത്തുന്ന ലൈറ്റിങ് ഉത്പന്നങ്ങള്‍ വ്യാപകമാക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഇളവ് അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിഎഫ്എല്‍ ലാംപുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഊര്‍ജസംരക്ഷണം ഉറപ്പുനല്‍കുന്നതാണ് ഇവയുടെ എക്‌സൈസ് തീരുവ കുറച്ചാല്‍ കുറഞ്ഞ വിലയ്ക്ക് ഇവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാരുകള്‍ വില്‍പന നികുതിയും കുറയ്ക്കണം.

കേരളത്തിലെ ലൈറ്റിങ് വിപണി 160 കോടി രൂപയുടേതാണെന്നും ത്വരിതഗതിയിലാണ് ഇത് വളരുന്നതെന്നും മണി പറഞ്ഞു. കഴിഞ്ഞ 28 വര്‍ഷമായി ബജാജ് ഇലക്ട്രിക്കല്‍സില്‍ പ്രവര്‍ത്തിക്കുന്ന മണി പാലക്കാട് സ്വദേശിയാണ്.

ബജാജ് ഇലക്ട്രിക്കല്‍സിന്റെ മൊത്തം വരുമാനത്തില്‍ 35 ശതമാനവും ലൈറ്റിങ് ബിസിനസ്സില്‍ നിന്നാണ്. സിഎഫ്എല്‍ ലാംപുകളുടെ ഉത്പാദനത്തിനായി നാസിക്കില്‍ കമ്പനി അത്യാധുനിക പ്ലാന്റ് സ്ഥാപിച്ചിരിക്കുകയാണ്. മണിക്കൂറില്‍ 2,400 സിഎഫ്എല്‍ ലാംപുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പ്ലാന്റ്.

0 comments:

Post a Comment