Tuesday, 25 October 2011

റിസര്‍വ് ബാങ്ക് പലിശനിരക്ക് വീണ്ടും കൂട്ടി


കൊച്ചി: രാജ്യം ദീപാവലി ആഘോഷത്തിനു തയാറെടുക്കവെ, ജനങ്ങള്‍ക്ക് ആഘാതമായി റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് കൂട്ടി. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനമാണ് ചൊവ്വാഴ്ച വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 8.50 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 7.50 ശതമാനവുമായി. കരുതല്‍ ധന അനുപാതം 6% ല്‍ തുടരും. ഈ സാമ്പത്തികവര്‍ഷം തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് പലിശ കൂട്ടുന്നത്. പന്ത്രണ്ട് തവണ കൂട്ടുമ്പോഴും പറഞ്ഞതുപോലെ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് വര്‍ധനയെന്ന് ഇത്തവണയും റിസര്‍വ് ബാങ്ക് അധികൃതര്‍ വിശദീകരിച്ചു. നിരക്ക് വര്‍ധിച്ചതോടെ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ എന്നിവയുള്‍പ്പെടെ സകല വായ്പകളുടെയും പലിശ നിരക്ക് കൂടും. അതേസമയം സേവിങ്സ് ബാങ്ക് പലിശനിരക്ക് നിര്‍ണ്ണയിക്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ മേഖല, വാഹന വ്യവസായം എന്നീ മേഖലകളെയെല്ലാം നിരക്കു വര്‍ധന പിന്നോട്ടു വലിക്കും. ആര്‍ബിഐ യുടെ നിരക്കു വര്‍ധന മൂലം കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ഭവന വായ്പയുടെ പലിശ നിരക്കില്‍ 2.5 മുതല്‍ 3 ശതമാനം വരെ വര്‍ധനയുണ്ടായി. ഒക്ടോബര്‍ 8ന് അവസാനിച്ച ആഴ്ചയിലെ ഭക്ഷ്യപണപ്പെരുപ്പം 10.60% മായതാണ് മറ്റൊരു വെല്ലുവിളി. ഡിസംബറോടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്നും 2012 മാര്‍ച്ച് മാസത്തോടെ നിരക്ക് ഗണ്യമായി കുറഞ്ഞ് 7% ത്തിലെത്തുമെന്നുമാണ് റിസര്‍വ് ബാങ്ക് പ്രത്യാശ പ്രകടിപ്പിച്ചത്. പണപ്പെരുപ്പം വെല്ലുവിളിയായി തുടരുന്നതോടൊപ്പം രൂപയുടെ മൂല്യം കുറയുന്നത് സമ്പദ്വ്യവസ്ഥയെ ബാധിക്കുന്ന പുതിയ പ്രശ്നമാണെന്ന് ചൊവ്വാഴ്ചത്തെ ധന അവലോകന യോഗത്തിനു മുന്നോടിയായി റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി പത്താം മാസവും പണപ്പെരുപ്പ നിരക്ക് 10 ശതമാനത്തിനടുത്ത് തുടരുകയാണ്.

0 comments:

Post a Comment